കവര്‍ച്ച ചെയ്ത സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല; പൊലീസിനെ കുരുക്കി പ്രതികൾ

എടയാര്‍ സ്വര്‍ണക്കവര്‍ച്ച കേസ് പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനം. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും  ചോദ്യം ചെയ്യാനുളള തീരുമാനം. പ്രതികള്‍ക്ക് കഞ്ചാവ് ലോബിയുമായുളള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൊടുപുഴ സ്വദേശികളായ റാഷിദ്,സുനീഷ്,മുരിക്കാശേരി സ്വദേശി സതീഷ് സെബാസ്റ്റ്യന്‍,വാഴക്കുളം സ്വദേശി നസീബ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍ നാലു പേരും . കേസില്‍ ആദ്യം അറസ്റ്റിലായ ബിപിന്‍ ജോര്‍ജുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ നാലുപേരും േചര്‍ന്ന് സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്കെത്തിച്ച ഇരുപത്തിയഞ്ച് കിലോ സ്വര്‍ണം കവര്‍ന്നത്. 

കവര്‍ച്ചയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതികളെ കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ കൊളുക്കുമലയിലെ തോട്ടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.അറസ്റ്റിനായി എത്തിയ അന്വേഷണ സംഘത്തിനു നേരെ എയര്‍ഗണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമണത്തിന് സംഘം ശ്രമിച്ചിരുന്നു. കഞ്ചാവ് ലോബിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ നാലു പേരും. ഒട്ടേറെ  കഞ്ചാവു കേസുകളില്‍ പ്രതികളാണ് ഇവരെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

കവര്‍ച്ച ചെയ്ത സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ പറ്റി പരസ്പരവിരുദ്ധമായ മൊഴികളാണ് നാലു പേരും പൊലീസിന് നല്‍കിയിരിക്കുന്നത്. ഇതു തന്നെയാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതും. പ്രതികളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും കവര്‍ച്ച മുതലിനായി അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല . ഈ സാഹചര്യത്തിലാണ് റിമാന്‍ഡിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുളള പൊലീസ് തീരുമാനം. ഇപ്പോള്‍ അറസ്റ്റിലായ അഞ്ചു പേര്‍ക്കു പുറമേ മറ്റു ചിലര്‍ കൂടി കേസില്‍ പ്രതികളായേക്കുമെന്ന സൂചനയും പൊലീസ് നല്‍കുന്നു.