എടയാർ സ്വർണകവർച്ച; പ്രതികൾ നാടുവിട്ടു; മുൻജീവനക്കാരൻ അറസ്റ്റിൽ

ആലുവ എടയാര്‍ സ്വര്‍ണകവര്‍ച്ച കേസിലെ പ്രതികള്‍ സ്വര്‍ണവുമായി കേരളം വിട്ടെന്ന് പൊലീസ് . കേസില്‍ അറസ്റ്റിലായ ബിപിന്‍ ജോര്‍ജില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അയല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടങ്ങി. എടയാറിലെ സ്വര്‍ണശുദ്ധീകരണശാലയിലെ മുന്‍ ജീവനക്കാരനായ ബിപിനാണ് കവര്‍ച്ചയുടെ മുഖ്യാസൂത്രകനെന്നാണ് പൊലീസ് കണ്ടെത്തല്‍ . 

അറസ്റ്റിലായ ബിപിന്‍ ജോര്‍ജടക്കം ആറു പേരാണ് കവര്‍ച്ചയില്‍ പങ്കെടുത്തതെന്ന് പൊലീസ് അനുമാനിക്കുന്നു. തൊടുപുഴ മുതലക്കോടം സ്വദേശിയായ ബിപിന്‍ ജോര്‍ജ് എടയാറിലെ സ്വര്‍ണശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവറാണ്. കവര്‍ച്ചയുടെ ആസൂത്രകനും ബിപിനെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ കവര്‍ച്ചയില്‍ ബിപിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. സ്വര്‍ണവുമായി വാഹനത്തിലെത്തുന്നവര്‍ തന്നെ തിരിച്ചറിയാനുളള സാധ്യത കണക്കിലെടുത്താണ് ആസൂത്രണത്തിനു ശേഷം ബിപിന്‍ പിന്‍മാറിയത്. കവര്‍ച്ച നടക്കുന്നതിന്‍റെ തൊട്ടുതലേ ദിവസം പ്രതികള്‍ കവര്‍ച്ചയ്ക്കായി റിഹേഴ്സല്‍ നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി. നാടുവിട്ട പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആലുവ റൂറല്‍ എസ്പി അറിയിച്ചു.

അറസ്റ്റിലായ ബിപിനെതിരെ ഗൂഡാലോചനയ്ക്കും കവര്‍ച്ചയ്ക്കുമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ബിപിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മെയ് ആദ്യവാരമാണ് ആലുവ എടയാറിലെ സ്വര്‍ണശുദ്ധീകരണശാലയിലേക്ക് ഇരുപത്തിയഞ്ച് കിലോ സ്വര്‍ണവുമായെത്തിയ വാഹനം ആക്രമിച്ച് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്.