കാറിന്റെ ഡിക്കിയിൽ പ്രത്യേക അറ; മാഹിയില്‍ നിന്നും മദ്യക്കടത്ത്; രണ്ടുപേര്‍ പിടിയിൽ

മാഹിയില്‍ നിന്ന് കടത്തിയ ഇരുന്നൂറിലേറെ കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ വടകരയില്‍ എക്സൈസിന്റെ പിടിയില്‍. തിക്കോടി സ്വദേശി പ്രബീഷ്, നിലമ്പൂര്‍ പൂക്കോട്ടുംപാടം അമീര്‍ എന്നിവരാണ് പിടിയിലായത്. നിരവധി തവണ ഇവര്‍ മദ്യം കടത്തിയിരുന്നുവെന്ന് തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

രഹസ്യവിവരത്തെത്തുടര്‍ന്ന് വടകര ദേശീയപാതയില്‍ എക്സൈസ് സംഘം നിലയുറപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ കാറിലെത്തിയ പ്രബീഷ് ആദ്യം വലയിലായി. കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയിലായിരുന്നു 162 കുപ്പി മദ്യശേഖരം. മാഹിയില്‍ നിന്ന് ശേഖരിച്ച മദ്യം എറണാകുളത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രബീഷ് പറഞ്ഞു. 

ഇയാള്‍ നേരത്തെയും മദ്യക്കടത്തിന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. നാല്‍പ്പത്തി നാല് കുപ്പി മദ്യവുമായി മാഹിയില്‍ നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെയാണ് മുട്ടുങ്ങലില്‍ നിന്ന് അമീര്‍ പിടിയിലായത്. പതിവായി നിലമ്പൂരിലും പരിസരത്തും ചില്ലറ മദ്യ വില്‍പന നടത്തുന്നയാളായിരുന്നു. 

പതിവ് കടത്തുകാരെന്ന് തെളിഞ്ഞതോടെ ഇവര്‍ക്ക് മദ്യം നല്‍കിയിരുന്ന കടകളെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. ദേശീയപാത ഒഴിവാക്കി ചെറുവഴികളിലൂടെ നിരവധി തവണ മദ്യം മറ്റ് ജില്ലകളിലേക്കെത്തിച്ചിരുന്നുവെന്നാണ് വിവരം. കടത്തിന് കൂടുതലാളുകള്‍ സഹായം ചെയ്തെന്ന മൊഴിയും പരിശോധിക്കുമെന്ന് എക്സൈസ് അറിയിച്ചു.