കട്ടപ്പന പുതിയകാവ് ക്ഷേത്രത്തിൽ മോഷണം; സ്വർണവും പണവും കവർന്നു

കട്ടപ്പന പുതിയകാവ് അമ്പലത്തിൽ കവർച്ച.  ക്ഷേത്രത്തിൽ നിന്നും രണ്ടര പവൻ  സ്വർണ്ണവും മുപ്പത്തി അയ്യായിരം  രൂപയും മോഷണം പോയി. പൊലീസ് അന്വേഷണം തുടങ്ങി.

രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തി ആണ് സംഭവം ആദ്യം കാണുന്നത്. ക്ഷേത്ര  കമ്മിറ്റി ഓഫീസ് തകർത്ത് ഉള്ളിൽ കയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. ഓഫീസിനകത്ത് വെള്ളമൊഴിച്ച് നശിപ്പിച്ചു.  ക്ഷേത്രത്തിന് നിരവധി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. 

ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത് . ഓഫീസ് മുറിയിലേയും വാതിൽ തകർത്ത നിലയിലാണ്.  ക്ഷേത്രത്തിലുണ്ടായിരുന്ന സിസിടിവി സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്ര മുറ്റത്തെ കാണിക്കവഞ്ചിയും തകർത്ത നിലയിലാണ്. ഡോഗ് സ്ക്വാഡ്, ഫോറൻസിക് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.