അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ; അമ്മയെ കൊലപ്പെടുത്തിയതെന്ന് സംശയം

കോട്ടയം  മുണ്ടക്കയത്ത് അമ്മയും മകനും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്നാണ് കരുതുന്നത്

മുണ്ടക്കയം കരിനിലത്താണ് എഴുപതുകാരിയായ പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി മുപ്പത്തിയെട്ടുകാരനായ മകന്‍ മധു എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  അമ്മ കട്ടിലിൽ മരിച്ച നിലയിലും മകൻ തൂങ്ങിയനിലയിലുമാണ്.  

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചതാവാമെന്നാണ് കരുതുന്നത്. വൈകുന്നേരം നാലു മണിയോടെ അമ്മുകുട്ടിയുടെ മകളും കൊച്ചുമകനും  വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. നാളുകളായി അമ്മയും മകനും മാത്രമാണ് ഇവിടെ കഴിഞ്ഞ് വരുന്നത്. ഇവർക്ക്  നാട്ടുകാരുമായി ബന്ധമില്ലാത്തതും മരണത്തെ കുറിച്ചറിയാൻ വൈകുന്നതിനിടെയാക്കി. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലിസ് നിഗമനം.  ചൊവ്വാഴ്ച്ച ഫോറൻസിക് സംഘം വന്ന ശേഷമേ വിശദമായ പരിശോധന നടത്തൂ.