സംസ്ഥാന അതിർത്തിയിൽ പരിശോധന കര്‍ശനമാക്കി; പൊലീസിനൊപ്പം സിആർപിഎഫും

തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാറടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിആര്‍പിഎഫ് ജവാന്മാരടക്കമുള്ള പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന. അതിർത്തി വഴി ലഹരി വസ്തുക്കളും പണവും വ്യാപകമായി കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന.

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളിലേയ്ക്കും അനധികൃതമായി പണമോ മറ്റ് ലഹരി വസ്തുക്കളോ എത്തിക്കുന്നുണ്ടെയെന്ന് കണ്ടെത്തുന്നതിനും തടയിടുന്നതിനും വേണ്ടിയാണ്  പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. മുമ്പ് തിരഞ്ഞെടുപ്പ് സമയത്ത് തോട്ടം മേഖലയിലെ തൊഴിലാളികളെ സ്വാധീനിക്കുന്നതിന് വേണ്ടി എത്തിച്ച പണവും പാരിതോഷികങ്ങളും പിടിച്ചെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ വോട്ടുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് മൂന്നാര്‍ അടക്കമുള്ള മേഖലകളിലുള്ളത്. അതുകൊണ്ട് തന്നെ  തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലേയ്‌ക്കെത്തുന്നത് പതിവാണ് ഇത്തരത്തില്‍ എത്തുന്നവരുടെ കയ്യില്‍ പണമോ മറ്റ് പാരിതോഷികങ്ങളോ ലഹരി വസ്തുക്കളോ ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ്  പരിശോധന.

ഓരോ സ്‌ക്വാഡിലും നാല് സി ആര്‍ പി എഫ് ജവാന്മാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് പരിശോധന.