അനധികൃത മദ്യവില്‍പ്പന, ഒരാൾ പിടിയിൽ

അടിമാലിയിൽ ആദിവാസി കോളനിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയിരുന്നയാൾ   എക്‌സൈസ്  പിടിയിൽ. അടിമാലി ചിന്നപ്പാറ തലനിരപ്പന്‍കുടി സ്വദേശി പ്രഭാകരനാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന നാലേകാല്‍ ലിറ്റര്‍ മദ്യവും  കണ്ടെടുത്തു.

ആദിവാസി കോളനിയില്‍ പ്രഭാകരന്‍ വ്യാപകമായി മദ്യവില്‍പ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിമാലി എക്‌സൈസ് സംഘം തിങ്കളാഴ്ച്ച രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്. ആവശ്യക്കാരായ ആദിവാസികള്‍ക്ക് അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നതിനിടയില്‍ എക്‌സൈസ് സംഘം പ്രഭാകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടിമാലിയില്‍ നിന്നും മദ്യം വാങ്ങി കോളനിയില്‍ എത്തിച്ച ശേഷം വീട്ടിലെത്തുന്ന ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് മദ്യം വില്‍പ്പന നടത്തുകയാണ് പ്രഭാകരന്റെ രീതി. നാളുകളായി പ്രതി മദ്യവില്‍പ്പന നടത്തി വന്നിരുന്നതായി സൂചന ലഭിച്ചിരുന്നെന്നും കോളനി നിവാസികള്‍ക്കായിരുന്നു പ്രഭാകരന്‍ കൂടുതലായി മദ്യവില്‍പ്പന നടത്തിയിരുന്നതെന്നും അടിമാലി എക്സ്സൈസ് അറിയിച്ചു.

പ്രഭാകരന്റെ മദ്യവില്‍പ്പനക്കെതിരെ പ്രദേശത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വ്യാപക പരാതി നിലനിന്നിരുന്നു. പല തവണ പ്രഭാകരനെ പിടികൂടാന്‍ എക്‌സൈസ് സംഘം ശ്രമം നടത്തിയിരുന്നെങ്കിലും ഇയാള്‍ എക്‌സൈസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരന്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നതായും എക്‌സൈസ് സംഘം അറിയിച്ചു. കഞ്ചാവ് വില്‍പ്പനയെ തുടര്‍ന്ന അറസ്റ്റിലായ ശേഷം ഇയാള്‍ വര്‍ഷങ്ങളായി മദ്യവില്‍പ്പന നടത്തി വരികയായിരുന്നുവെന്നാണ്  സൂചന. പ്രിവന്റീവ് ഓഫീസര്‍ പി എച്ച് ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാകരനെ കസ്റ്റഡിയിലെടുത്തത്.