കടിച്ചുകീറാൻ 10 ഓളം നായ്ക്കൾ, രഹസ്യ അറകൾ; പൊലീസിനെ ഞെട്ടിച്ച് ശിങ്കാരാജിന്റെ സാമ്രാജ്യം

കർണാടക, തമിഴ്നാട്, കേരളം  എന്നീ 3 സംസ്ഥാനങ്ങളിൽ 40 വർഷമായി കഞ്ചാവ് ഇടപാട് നടത്തുന്ന മാഫിയാ സംഘത്തിന്റെ തലവൻ പൊലീസിന്റെ പിടിയിലായി. കോട്ടയത്തു  രഹസ്യ ഇടപാടിനെത്തിയപ്പോഴാണു തമിഴ്നാട്, കമ്പം ഉത്തമപുരം ശിങ്കരാജ് (പാണ്ഡ്യൻ –63) പിടിയിലായത്.  രണ്ടു കിലോയോളം കഞ്ചാവും  പിടിച്ചെടുത്തു. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽനിന്നു ബെംഗളുരുവിൽ എത്തിക്കുന്ന കഞ്ചാവ് പിന്നീട് പാസഞ്ചർ ട്രെയിനുകളിലും ചരക്കു വാഹനങ്ങളിലും കയറ്റിയാണു കമ്പത്തെത്തിച്ചിരുന്നത്

ശിങ്കരാജ് കമ്പത്ത് രാജാവ്

ഏതു വലിയ കേസുകളിൽ നിന്നും രക്ഷിക്കാൻ 10 അംഗ അഭിഭാഷക സംഘം, എന്തും ചെയ്യാൻ തയാറായി നിൽക്കുന്ന ഗുണ്ടകൾ, കടിച്ചു കീറാൻ ഒരുങ്ങി നായ്ക്കളുടെ കൂട്ടം. ഉത്തമപുരം കോളനിയിൽ രാജാവായി വിലസിയ ശിങ്കരാജിന്റെ സുരക്ഷാ സംവിധാനങ്ങൾ പൊലീസിനെപ്പോലും ഞെട്ടിച്ചു. ശിങ്കരാജാണു ദക്ഷിണേന്ത്യയിൽ കഞ്ചാവെത്തിക്കുന്നതിൽ പ്രമുഖനെന്നു കണ്ടെത്തിയതു മുതൽ ഇയാളുടെ നീക്കങ്ങൾ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

കിടപ്പു മുറിയിൽ രഹസ്യ അറകൾ ഉണ്ടാക്കി അതിലാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്. സുരക്ഷയ്ക്കായി പത്തോളം നായ്ക്കളുമണ്ട്. പുലർച്ചെ രണ്ടു മുതൽ രാവിലെ 7 വരെയുള്ള സമയത്താണു പ്രധാന കച്ചവടം. 5 മുതൽ 10 ലക്ഷം രൂപയുടെ വരെ കഞ്ചാവാണ് ഈ സമയത്തു വിൽക്കുന്നത്. നേരിട്ട് ഇടപാടുകാരുടെ മുന്നിൽ പ്രത്യക്ഷപ്പെടാത്ത ശിങ്കരാജ് സ്ത്രീകളെ ഇടനിലക്കാരായി നിർത്തിയാണ് വിൽപന. കേരളത്തിൽ നിന്നുള്ള വിദ്യാർഥി സംഘമാണു പ്രധാന ഇടപാടുകാർ.

എല്ലാ ജില്ലകളിൽ നിന്നും വിദ്യാർഥികൾ അടക്കമുള്ളവർ ശിങ്കരാജിനെത്തേടി കമ്പത്തെത്തിയിരുന്നു. ഗുണ്ടകളുടെ കാവലിലാണ് ഓരോ ഇടപാടുകളും. ആദ്യമായാണു ശിങ്കരാജ് കേരള പൊലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്കെതിരെ ഇതുവരെ ഒരു കേസ് മാത്രമാണു കേരളത്തിലുണ്ടായിരുന്നത്.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് സിഐ ജി.ബിനു, എസ്ഐ മഹേഷ്കുമാർ, ആന്റി ഗുണ്ടാ സ്ക്വാഡ് എസ്ഐ ടി.എസ്.റെനീഷ്, കുറവിലങ്ങാട് എസ്ഐ ദീപു, എഎസ്ഐ ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ.മനോജ്, ജോർജ് വി.ജോൺ, ലഹരി വിരുദ്ധ സ്ക്വാഡ് എഎസ്ഐ നൗഷാദ്, സീനിയർ സിപിഒ പി.വി.മനോജ്, സിപിഒ റിച്ചാർഡ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ കുടുക്കിയത്.

സംഘത്തിലെ രണ്ടു പ്രധാനികൾ കൂടി പിടിയിലാകാനുണ്ട്. കേരളത്തിൽ നിന്നുള്ള യുവാക്കൾക്കു കഞ്ചാവു വിറ്റു മടുത്തെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ ശിങ്കരാജ് പറഞ്ഞത്. ലഹരിയുടെ വ്യാപനത്തിനെതിരെ മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ഹൈക്കോടതി എടുത്ത നടപടിയാണു പൊലീസിന്റെ ഇടപെടലുകൾക്കു വേഗം കൂട്ടിയത്.

>ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കു കോടതിയുടെ നിരീക്ഷണം ഏർപ്പെടുത്താൻ ഹൈക്കോടതി സ്വമേധയാ നടപടിക്കും തീരുമാനിച്ചിരുന്നു. ഇതേ തുടർന്നു ലഹരി വേട്ട ശക്തമാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്  പരിശോധന വ്യാപിപ്പിച്ചത്.