ഐപിഎസ് ചമഞ്ഞ് പ്രണയം; വിവാഹം ആവശ്യപ്പെട്ടപ്പോൾ കാൻസർ; തട്ടിപ്പ് പുറത്തായതിങ്ങനെ

ഐപിഎസ് ഓഫീസറാണെന്ന് പറഞ്ഞ് യുവതിയെ പ്രണയിച്ച് കബളിപ്പിച്ച യുവാവ് പിടിയിൽ. രാജ്കുമാർ എന്ന മുപ്പതുകാരനാണ് അറസ്റ്റിലായത്. ഡൽഹിയിലാണ് സംഭവം.

24 വയസുള്ള യുവതി ഒരു ജിമ്മിൽവെച്ചാണ് ഇയാളെ പരിചയപ്പെടുന്നത്. ഇരുവരുടെയും സൗഹൃദം പ്രണയമായി. ബന്ധം വിവാഹത്തിലേക്ക് കടക്കുന്ന ഘട്ടം വന്നപ്പോൾ തനിക്ക് കാൻസറാണെന്ന് രാജ്കുമാർ കള്ളം പറഞ്ഞു. കാൻസറായത് കാരണം വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും എന്നാൽ മരിക്കുന്നതിന് മുമ്പ് യുവതി ഒരു സർക്കാർ ഉദ്യോഗസ്ഥയാകുന്നത് കാണണമെന്നും ഇയാൾ പറഞ്ഞു.

ഒരു ലക്ഷം രൂപ നൽകിയാൽ ജോലി നേടിക്കൊടുക്കാമെന്ന് പറഞ്ഞു. ഇയാളുടെ വാക്ക് വിശ്വസിച്ച് തുക  നൽകി. അതിന് ശേഷം രാജ്കുമാറിന്റെ വിവരം ഒന്നുമില്ലായിരുന്നു. സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വ്യാജ ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുന്നത്. യുവതിയ്ക്ക് യാഥാർഥ്യം മനസിലായെന്ന് തിരിച്ചറിഞ്ഞതോടെ ഇയാൾ ഇവരെ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി.

സ്വസ്ഥത നശിച്ചതോടെ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലും രാജ്കുമാർ വ്യാജനാണെന്ന് തെളിഞ്ഞു. ഇതിന് മുമ്പ് സബ് ഇൻസ്പെകടറാണെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ 2013ൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.