കരമന കൊലക്കേസ്: സംഘത്തിൽ 13 പേർ, അഞ്ച് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ 13 അംഗ സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റില്‍. ചില പ്രതികള്‍ സംസ്ഥാനം വിട്ടതായും സൂചന. രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ്. എന്നാല്‍ അനന്തുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണം വൈകിപ്പിച്ചെന്ന് ആരോപിച്ച് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

പത്ത് പേര്‍ മര്‍ദനത്തിലും മൂന്ന് പേര്‍ ഗൂഢാലോചനയിലും പങ്കെടുത്താണ് അനന്തു ഗിരീഷിനെ കൊന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.  കരമന സ്വദേശികളായ അരുണ്‍, അഭിലാഷ്, റാം കാര്‍ത്തിക്, ബാലു, റോഷന്‍ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊല നടന്ന സ്ഥലത്ത് വച്ച് പ്രതികളിലൊരാളായ അനീഷിന്റെ പിറന്നാള്‍ ആഘോഷം നടന്നിരുന്നു. മദ്യവും ലഹരിമരുന്നും ഉപയോഗിച്ച ആഘോഷത്തിനിടെയാണ് അനന്തുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ബാലുവിന്റെ നേതൃത്വത്തില്‍ മൂന്ന് പേര്‍ അരശുമൂട് എന്ന പ്രദേശത്തെ പൊതുവഴിയില്‍ വച്ച് അനന്തുവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന് ശേഷമാണ് മണിക്കൂറോളം മര്‍ദിച്ച് കൊലപ്പെടുത്തിയത്.

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവിന്റെ സംഘവും പ്രതികളുടെ സംഘവും തമ്മില്‍ ബഹളമുണ്ടായിരുന്നു. ഇതാണ് കൊല്ലാന്‍ തീരുമാനിക്കാനുള്ള കാരണം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് രണ്ട് സംഘങ്ങളിലുമുള്ളത്. അനന്തുവിനെതിരെയും കേസുകളുണ്ട്. അഞ്ച് പേര്‍ പിടിയിലായെങ്കിലും രണ്ട് പേര്‍ മാത്രമാണ് നേരിട്ട് കൊലയില്‍ പങ്കെടുത്തവര്‍. ഫോര്‍ട് അസി. കമ്മീഷണർ ആര്‍. പ്രതാപന്‍നായരുടെ നേതൃത്വത്തിലെ സംഘം പ്രതികളെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുത്തു.