പെരിയാറിൽ യുവതിയുടെ മൃതദേഹം; വായിൽ തുണി തിരുകിക്കയറ്റിയ നിലയിൽ

പെരിയാറിൽ കരിങ്കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്. മുപ്പത് വയസിനടുത്ത് വരുമെന്ന് നിഗമനം. വായിൽ തുണി തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചതായും വ്യക്തമായിട്ടുണ്ട്. രാവിലെ ഒൻപത് മണിയോടെ കരയ്ക്കെത്തിച്ച മൃതദേഹം 12 മണിയോടെയാണ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്.

ആലുവ യുസി കോളജിന് സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയുടെ കടവിനോട് ചേർന്ന് കഴിഞ്ഞ രാത്രിയാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടെ പുറത്തെടുത്തപ്പോഴാണ് മാത്രമാണ് യുവതിയുടേത് ആണെന്ന് തിരിച്ചറിഞ്ഞത്. രണ്ടു ദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പ്രഥമദൃഷ്ട്യാ തോന്നാം. 

ഷാൾ എന്നു തോന്നാവുന്ന വലിയ തുണി വായിൽ തിരുകിക്കയറ്റിയിട്ടുണ്ട്. ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലിന് ഭാരം 40 കിലോ. മൃതദേഹത്തിനൊപ്പം പുറത്തെടുത്ത കല്ല് സ്ഥലത്തു വച്ചുതന്നെ തൂക്കിനോക്കി പൊലീസ് രേഖപ്പെടുത്തി. കരിങ്കല്ലിനൊപ്പം കോണ്ക്രീറ്റിന്റെ ഭാഗങ്ങളും കാണാം. എവിടെ നിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്ന് തന്നെ അനുമാനിക്കാം. ഇത്ര വലിയ കല്ല് ആണെങ്കിൽ പോലും മൃതദേഹം വെള്ളത്തിൽ പൊങ്ങിയതിനാൽ ഒഴുകി നീങ്ങിയതാണെന്ന് വ്യക്തം. എന്നാൽ കരയോട് ചേർന്ന് അടിഞ്ഞുകൂടിക്കിടന്ന ചെടികളുടെ കൊമ്പിൽ കുടുങ്ങുകയായിരുന്നു. 

ഒൻപത് മണിയോടെ പുറത്തെടുത്ത മൃതദേഹത്തിൽ 10 മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും റൂറൽ എസ്പി സ്ഥലത്ത് എത്താൻ കാത്തും മറ്റും ആശുപത്രിയിലേക്ക് നീക്കാൻ വീണ്ടും രണ്ടു മണിക്കൂർ കൂടി വൈകി. അഴുകിത്തുടങ്ങിയ മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കഴിഞ്ഞാൽ ഇരട്ടിവേഗത്തിൽ കേടാകുമെന്നിരിക്കെ പോസ്റ്റ്‌മോർട്ടത്തിൽ കിട്ടാനിടയുള്ള തെളിവുകളെ ഇത് ബാധിച്ചേക്കാം.