പാലക്കാട്ട് പത്തൊന്‍പതു കിലോ കഞ്ചാവും എഴുനൂറ് ലഹരിഗുളികകളും പിടികൂടി

പാലക്കാട്ട് രണ്ടിടങ്ങളിലായി പത്തൊന്‍പതു കിലോ കഞ്ചാവും എഴുനൂറ് ലഹരിഗുളികകളും പിടികൂടി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് പന്ത്രണ്ടു കിലോ കഞ്ചാവും, കൊല്ലങ്കോട്ട് എക്സൈസ് ഏഴു കിലോയുമാണ് പിടികൂടിയത്. ലഹരികടത്ത് സംഘത്തിലെ തൃശൂര്‍, മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായി.

തൃശൂര്‍ ചാവക്കാട് തിരുവത്ര ഉണ്ണിപ്പിരി വീട്ടില്‍ ഷിറാസ് അസൈനാര്‍, ചാവക്കാട് പുനയൂര്‍ എടക്കഴിയൂര്‍ കണ്ണന്‍ എന്നിവരാണ് കൊല്ലങ്കോട്ട് അറസ്റ്റിലായത്. ഏഴുകിലോ കഞ്ചാവും 767 ലഹരി ഗുളികകളും ഇവരില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട് സേലം ഏര്‍വാടിയില്‍ നിന്ന് തൃശൂരിലെ ചാവക്കാട്ടേക്ക് ലഹരിവസ്തുക്കള്‍ കടത്തുമ്പോള്‍ കൊല്ലങ്കോട് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം എക്സൈസ് പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് വാഹനത്തിനും കേടുപാടുകളുണ്ടായി. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേര്‍ രക്ഷപെട്ടു. കാറിന്റെ എന്‍ജിന് സമീപമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുന്‍കാലങ്ങളിലും ലഹരികടത്ത് നടത്തിയിട്ടുണ്ടെന്ന് പ്രാഥമീക അന്വേഷണത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ പത്തു ദിവസത്തിനുളളില്‍ കൊല്ലങ്കോട് മാത്രം 27 കിലോ കഞ്ചാവും അന്‍പതു കിലോ പുകയില ഉല്‍പന്നങ്ങളും പിടികൂടുകയും പതിമൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടു കിലോ കഞ്ചാവുമായി മലപ്പുറം നിലമ്പൂര്‍ പളളിക്കപ്പറമ്പില്‍ അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ട്രെയിനില്‍ രണ്ടു ബാഗുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. ലഹരികടത്തിന്റെ ഇടനാഴിയായ പാലക്കാട്ട് ദേശീയപാതയിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കുമ്പോഴും ലഹരികടത്തിന് കുറവു വരുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.