ഹര്‍ത്താലിനിടെ അക്രമം: മൂന്ന് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിൽ

ഹര്‍ത്താലിനിടെ പൊന്നാനിയില്‍ പൊലിസിനെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.  ഇതോടെ ഈ കേസില്‍ ഇതുവരെ 12 പേര്‍ അറസ്റ്റിലായി. അതേസമയം എടപ്പാളില്‍ സംഘര്‍ഷത്തിനിടെ സമരാനുകൂലികള്‍ ഉപേക്ഷിച്ച 38 ബൈക്കുകള്‍ ചങ്ങരംകുളം പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ് 

ശബരിമലകര്‍മ സമിതി നടത്തിയ ഹര്‍ത്താലിനിടെ ആയിരുന്നു പൊന്നാനി സി.ഐ സണ്ണി ചാക്കോ, എസ്.ഐ നൗഫല്‍ ഉള്‍പ്പടെ ആറോളം പൊലിസുകാര്‍ക്ക് പരുക്കേറ്റത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നേരത്തെ ഈ കേസില്‍ എട്ടു പേര്‍ പിടിയിലായിരുന്നു. പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്‍ിത്ത്സ ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കുനേരെ ചുമത്തിയത്. ഇനി 15 പേര്‍ കൂടി പിടിയിലാവാനുണ്ട്. അതേ സമയം എടപ്പാളില്‍ ഹര്‍ത്താലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഉപേക്ഷിച്ച  38 ബൈക്കുകള്‍ ചങ്ങരംകുളം പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് ഭയന്നാണ് ഉടമസ്ഥര്‍ ബൈക്കുകള്‍ വാങ്ങാന്‍ എത്താത്തതെന്നാണ് പൊലിസ് പറയുന്നത്. എടപ്പാളില്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ 12 കേസുകളിലായി നാല്‍പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്