ഓപ്പറേഷൻ കോബ്ര; അമിത വേഗക്കാരും പൂസാകുന്ന ഡ്രൈവർമാരും സൂക്ഷിക്കുക

തിരുവനന്തപുരം നഗരത്തിലെ അമിതവേഗക്കാരെയും മദ്യപിക്കുന്ന ഡ്രൈവര്‍മാരെയും കുടുക്കി പൊലീസിന്റെ ഓപ്പറേഷന്‍ കോബ്രയ്ക്ക് തുടക്കം. മദ്യപിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍മാരും അനധികൃതമായി വാഹനം മോടിപിടിപ്പിച്ചവരും അടക്കം 180 പേരാണ് ആദ്യദിനം പിടിയിലായത്. പിടിയിലാവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കമ്മീഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉപദേശവും ശകാരവും ചേര്‍ന്ന ക്ളാസെടുത്ത ശേഷമാണ് വിട്ടയച്ചത്. 

തകര്‍ക്കുന്നവരെയും പിന്തുടര്‍ന്ന് പിടികൂടുകയാണ് ലക്ഷ്യം. ഓപ്പറേഷന്റെ ആദ്യ ദിവസത്തെ ഫലമാണ് പൊലീസ് സ്റ്റേഷന്‍ മുറ്റത്തെ വാഹനഷോറൂമിന് സമാനമാക്കിയത്. അമിതേവഗത്തില്‍ പാഞ്ഞവര്‍, നമ്പര്‍ പ്ളേറ്റ് പോലും മറച്ച് വാഹനം മോടിപിടിപ്പിച്ച് കുതിച്ചവര്‍..എല്ലാവരും കുടുങ്ങി. വാഹനം സ്റ്റേഷന്‍ മുറ്റത്തും ഉടമകള്‍ കമ്മീഷണറുടെ മുന്നിലും. കമ്മീഷണര്‍ നിയമപാലകനൊപ്പം വടിയെടുക്കുന്ന അധ്യാപകന്‍കൂടിയായി.

ആദ്യദിനമായതുകൊണ്ട് ഉപദേശത്തിനും മുന്നറിയിപ്പിനുമൊപ്പം ചെറിയ പിഴ കൂടി ഈടാക്കിയ ശേഷം വിട്ടയച്ചു. ചെറുപ്പക്കാര്‍ മാത്രമായിരുന്നില്ല ആദ്യദിനത്തെ ഇരകള്‍. മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്കൂള്‍ ബസ് ‍ഡ്രൈവര്‍മാരടക്കം എഴുപത് പേര്‍ പിടിയിലായി. അമിതവേഗത്തില്‍ പാഞ്ഞതിന് നാല്‍പത് പേരും പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് ഇരുപത് പേരുമാണ് പിടിയിലായത്. ഷാഡോ, ട്രാഫിക് തുടങ്ങി പൊലീസിലെ മുഴുവന്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള ഓപ്പറേഷന്‍ കോബ്ര വരുംദിവസങ്ങളിലും തുടരും.