കർണാടകയിൽ കോൺഗ്രസ് എംഎൽഎമാർ തമ്മിലടിച്ചു, സസ്പെൻഷൻ, കേസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍  തമ്മിലുണ്ടായ അടിപിടിയില്‍ എം എല്‍ എ എന്‍ . ഗണേഷിനെതിരെ കേസ്. മര്‍ദനമേറ്റ എം എല്‍ എ ആനന്ദ്‌സിങിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗണേഷിനെ അന്വേഷണവിധേയമായി കോണ്‍ഗ്രസ്  സസ്പെന്‍ഡു ചെയ്തു. ബിഡതിയിലെ ഇൗഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ചാണ് സംഭവമുണ്ടായത്. പരുക്കേറ്റ ആനന്ദ്‌സിങ് ബെംഗളൂരുവില്‍ ചികിത്സയില്‍ തുടരുകയാണ്. 

ബിജെപിയുടെ അട്ടിമറിനീക്കങ്ങള്‍ തടയാനാണ് കോണ്‍ഗ്രസ് എം എല്‍ എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയത്. ഇതിനിടയിലായിരുന്നു സംഭവം. ഗണേഷ് ബി.ജെ.പിയുമായി സഹകകരിക്കുന്നുവെന്ന ആനന്ദ്‌സിങിന്‍റെ പരാമര്‍ശത്തെത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്. ഇതിനിടയില്‍ ഗണേഷ് ആനന്ദ്‌സിങിനെ കുപ്പികൊണ്ട് മര്‍ദിക്കുകയായിരുന്നു. വലതുകണ്ണിനും, തോളിനും, വയറിനും പരുക്കേറ്റിട്ടുണ്ട്. 

ആനന്ദ്‌സിങിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ജെ എന്‍ ഗണേഷിനെ പാര്‍ട്ടി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തില്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരായ ക്രിഷ്ണബൈരെ ഗൗഡ കെ.ജെ ജോര്‍ജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍ .  

അതേസമയം റിസോര്‍ട്ടിലുണ്ടായിരുന്ന എം എല്‍ എമാരെയെല്ലാം അവരവരുടെ മണ്ഡലങ്ങളിലേയ്ക്ക് തിരികെയയച്ചു. ബി.ജെ.പിയുടെ കുതിരക്കച്ചവടം തകര്‍ക്കാനായെന്ന ആശ്വാസത്തിലിരിക്കുമ്പോളാണ് പാര്‍ട്ടിക്കുള്ളിലുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നത്. പരിക്കേറ്റ ആനന്ദ്‌സിങ് ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.