കൊട്ടിയൂർ പീഡനക്കേസ്; പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണ്ടെത്തണമെന്ന് പ്രതി

കൊട്ടിയൂർ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ഫാ.റോബിന്‍ വടക്കുംചേരി ഹര്‍ജി നല്‍കി. പ്രായം ശാസ്ത്രീയമായി തെളിയിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ഫാ.റോബിന്‍ ഇതേ ആവശ്യം ഉന്നയിച്ചത്. 

പീഡനം നടന്നപ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നുവെന്നും അതിനാല്‍ പ്രായം ശാസ്ത്രീയമായി തെളിയിക്കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ഹര്‍ജി. എന്നാല്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ ഹാജരാക്കി തെളിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ ഹര്‍ജി തലശരി പോക്സോ കോടതി തള്ളിയത്. എന്നാല്‍ ഇതേ ആവശ്യം ഒന്നാംപ്രതി വീണ്ടും ആവര്‍ത്തിച്ചു. അറസ്റ്റ് ചെയ്ത സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ഫാ.റോബിന്റെ ആവശ്യവും കോടതി തള്ളി. വിദേശത്തേക്ക് പോകാനായി ശ്രമിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ തൃശ്ശൂരില്‍ ധ്യാനത്തിന് പോയപ്പോള്‍ അറസ്റ്റ് ചെയ്തെന്നാണ് റോബിന്റെ വാദം.

കേസില്‍ ഇതുവരെ ഏഴ് പ്രതികളെയും 38 സാക്ഷികളെയും വിസ്തരിച്ച് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 26നാണ് വൈദികന്റെ പീഡനത്തിനിരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചെന്ന കേസ് പേരാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അന്തിമ വാദം പൂര്‍ത്തിയാക്കി അടുത്തമാസം ഇരുപത്തിയെട്ടിനുള്ളില്‍ വിധി പ്രസ്താവിക്കാന്‍ കോടതി നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.