കൊട്ടിയൂര്‍ പീഡനം: മൊഴിമാറ്റിയ മാതാപിതാക്കള്‍ക്ക് കോടതിയുടെ സമന്‍സ്

കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ വൈദികനുവേണ്ടി വിചാരണയ്ക്കിടെ മൊഴിമാറ്റിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് കോടതി മുൻപാകെ നേരിട്ട് ഹാജരാവാൻ ഉത്തരവ്. വിധി പ്രഖ്യാപിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോടതി സൂചിപ്പിച്ചിരുന്നു. 

ഈ മാസം പതിനഞ്ചാംതീയതി ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് സമന്‍സ് നല്‍കിയിരിക്കുന്നത്. പീഡനം നടക്കുമ്പോള്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നാണ് വിചാരണവേളയില്‍ മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചത്. പ്രായം ശാസ്ത്രീയമായി തെളിയിക്കാന്‍ പെണ്‍കുട്ടിയും ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരിയും നല്‍കിയ അപേക്ഷകള്‍ കോടതി തള്ളിയിരുന്നു. 

എന്നാല്‍ രേഖകളുടെ ബലത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചു. ഇതോടെയാണ് ഒന്നാംപ്രതിക്ക് 20 വർഷം കഠിന തടവ് കോടതി വിധിച്ചത്. മറ്റ് പ്രതികളെ വെറുതെ വിടുകയും ചെയ്തു. മാതാപിതാക്കളില്‍നിന്ന് നേരിട്ട് വിശദീകരണം തേടിയ ശേഷമാകും തുടര്‍നടപടികള്‍ കോടതി സ്വീകരിക്കുക.