കൊട്ടിയൂർ പീഡനക്കേസ്; സാക്ഷിവിസ്താരം പൂർത്തിയായി; പ്രതികളെ ചോദ്യം ചെയ്യും

വൈദികൻ മുഖ്യ പ്രതിസ്ഥാനത്തുള്ള കൊട്ടിയൂർ പീഡനക്കേസിൽ പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരം പൂർത്തിയായി.  ഏറ്റവും ഒടുവിലായി സി.ഐ.കെ.കുട്ടികൃഷ്ണനെയാണ് വിസ്തരിച്ചത്.കൊട്ടിയൂർ കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് ഇദ്ദേഹമായിരുന്നു.  കേസിന്റെ തുടർ നടപടി എന്ന നിലയിൽ പ്രതികളെ കോടതി ചോദ്യം ചെയ്തു തുടങ്ങി. 

ഫാദർ വടക്കുഞ്ചേരി ഉൾപ്പെടെ ഏഴ് പ്രതികളാണ് കുറ്റാരോപിതരായുള്ളത്.ഇവരിൽ 4 പേരെ ഇന്നലെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ചോദ്യം ചെയ്തു. ബാക്കി മൂന്ന് പേരെ ചോദ്യം ചെയ്യാനായി കേസ് നടപടികൾ തിങ്കളാഴ്ചത്തേക്ക് മാറ്റി. 

 2017 ഫെബ്രുവരി 26നാണ് കൊട്ടിയൂർ നീണ്ടു നോക്കിയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയും കൊട്ടിയൂർ ഐ.ജെ.എം.ഹയർ സെക്കന്ററി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുഞ്ചേരിയെ ഒന്നാംപ്രതിയാക്കി പേരാവൂർ പൊലീസ് കേസെടുത്തിരുന്നത്. 

പിറ്റേ ദിവസം അറസ്റ്റിലായതു മുതൽ വൈദികൻ റിമാന്റിലാണുള്ളത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു.ഇതേ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. 

കുഞ്ഞിനെ ആരുമറിയാതെ സിസ്റ്റർമാരുടെ സഹായത്തോടെ മാനന്തവാടി വൈത്തിരിയിലെ അനാഥമന്ദിരത്തിലേക്ക് മാറ്റി. തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഫാദർ ഉൾപെടെ 10 പേർക്കെതിരെ ചുമത്തിയിരുന്നത്.ഇവരിൽ 3 പേരെ സുപ്രിം കോടതി കുറ്റവിമുക്തരാക്കി.ശേഷിച്ച 7 പേരാണ് വിചാരണ നേരിടുന്നത്