കോഴിക്കോട് ഫറോക്കില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച് അവശനാക്കിയതായി പരാതി

കോഴിക്കോട് ഫറോക്കില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച് അവശനാക്കിയതായി പരാതി. മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന  പൂനൂര്‍ സ്വദേശിയായ അനന്തുപ്രകാശിനെ ഫറോക്ക് സ്റ്റേഷനില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചതായാണ് പരാതി. 

മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് അനന്തു,ജോലിക്കിടയില്‍ ഒരു സംഘമാളുകള്‍ തന്നെ ആക്രമിച്ച് കയ്യിലുള്ള പണവുമായി കടന്നുകള‍ഞ്ഞുവെന്ന് അനന്തു ഫറോക്ക് സ്റ്റേഷനില്‍ പരാതി നല്‍കി.അന്വേഷണത്തിന്റെ ഭാഗമായി അനന്തുവിനെ പൊലീസ് പലതവണവിളിച്ചുവരുത്തി,മൂന്നാം തവണ മൊഴിെയടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് അനന്തുവിന്റെ അച്ഛന്‍ ആരോപിക്കുന്നത്.

പണം മോഷ്ടിക്കപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് മൈക്രോഫിനാന്‍സ് സ്ഥാപനം നിരന്തരം ആവശ്യപ്പെട്ടിരുന്നു,പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പൊലീസും ഭീഷണിപ്പെടുത്തിയിരുന്നതായി അനന്തുപറയുന്നു.എന്നാല്‍  പണം അനന്തു തന്നെ ചെലവഴിച്ചതാണെന്നും മോഷണ കഥകെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ ഭാഷ്യം. കാലിന്റെ ഇടുപ്പുകളില്‍ സാരമായ പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.