സ്വർണക്കവർച്ച: ദൃശ്യങ്ങളിൽ ‘കോടാലി’യുടെ അനുയായി നാണി, അന്വേഷണ സംഘം കേരളത്തിൽ

വാളയാർ ∙ കോയമ്പത്തൂരിനു സമീപം ദേശീയപാതയിലെ ചാവടിയിൽ തൃശൂർ കല്യാൺ ജ്വല്ലറിയുടെ ഒരു കോടി രൂപയുടെ സ്വർണം കാർ അടക്കം കവർന്ന സംഭവത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പെട്രോൾ പമ്പിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമുള്ള സിസിടിവിയിലാണു ദൃശ്യം പതിഞ്ഞത്. ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന കോടാലി ശ്രീധരനും സംഘവുമാണു കവർച്ചയ്ക്കു പിന്നിലെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം

ദൃശ്യങ്ങളിൽ പതിഞ്ഞതു ശ്രീധരന്റെ പ്രധാന അനുയായി മലപ്പുറം വള്ളുവമ്പുറം സ്വദേശി നാണിയെന്നു വിളിപ്പേരുള്ള ഷംസുദ്ദീനാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹവാല, കുഴൽപ്പണം കടത്തു സംഘങ്ങളെയും സ്വർണവ്യാപാരികളെയും ആക്രമിച്ചു പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ ഇയാൾ മലപ്പുറത്തു പൊലീസുകാരനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലും പ്രതിയാണ്. കവർച്ച ആസൂത്രണം ചെയ്തതും സംഘത്തിലുള്ളവർക്കു നിർദേശങ്ങൾ നൽകിയതും ഇയാളാണെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം

കോയമ്പത്തൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാവിലെ മലപ്പുറത്ത് എത്തി വിവരങ്ങൾ ശേഖരിച്ചതിലൂടെയാണു സിസിടിവി ദൃശ്യം ഷംസുദ്ദീന്റേതാണെന്നു തിരിച്ചറി‍ഞ്ഞത്. അതേസമയം, ദൃശ്യങ്ങളിൽ പതിഞ്ഞ മറ്റൊരാളെ തിരിച്ചറിയാനായിട്ടില്ല. റോഡിലേക്കിറങ്ങിയവരിൽ മൂന്നുപേർ മുഖംമൂടിയിട്ടിരുന്നെന്നാണു പൊലീസിനു ലഭിച്ച മൊഴി

തമിഴ്നാട് അന്വേഷണ സംഘം കേരളത്തിൽ

കേരളത്തിൽ സമാനമായ കവർച്ചകൾ നടന്ന പാലക്കാട്, തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള അന്വേഷണ സംഘമെത്തി. ഇവിടങ്ങളിലെ സ്റ്റേഷനുകളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കേരള പൊലീസിന്റെ കൂടി സഹായത്തോടെ അന്വേഷണം വ്യാപിപ്പിക്കാനാണു ശ്രമമെന്നു തമിഴ്നാട് പൊലീസ് അറിയിച്ചു.