വാകേരി തോമസ് കൊലക്കേസ് നാലാം പ്രതി പിടിയിൽ

വയനാട് തോൽപ്പെട്ടിയിലെ ജീപ്പ് ഡ്രൈവറായിരുന്ന വാകേരി തോമസ് കൊലക്കേസിൽ നാലാം പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. ദക്ഷിണാഫ്രിക്കയിലായിരുന്ന അരണപ്പാറ ഷാഹുൽ ഹമീദാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചു പിടിയിലായത്. കാട്ടാന ചവിട്ടിക്കൊന്നതാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 

2016 ഒക്ടോബര്‍ 15ന് രാവിലെയാണ് വനത്തോട് ചേര്‍ന്ന് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചതെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. കൊല്ലപ്പെട്ട തോമസിന്റെ ഫോണ്‍ കാണാതായത് ആദ്യം മുതലേ സംശയം ജനിപ്പിച്ചിരുന്നു. ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിസരത്ത് ഇല്ലാതിരുന്ന പ്രദേശവാസികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഇവരെ മണിക്കൂറുകള്‍ക്കകം വലയിലാക്കുകയും ചെയ്തു.  അരണപ്പാറ പരിത്തിപള്ളിയില്‍ ലിനു മാത്യു, വാകേരി വി ഡി പ്രജീഷ് എന്ന ഗുണ്ടു, മണാട്ടില്‍ എം എ നിസാര്‍ എന്നിവരായിരുന്നു  മുഖ്യപ്രതികൾ. 

പ്രതികൾക്കെല്ലാം തോമസിനോട് വിവിധ കാരണങ്ങളാൽ  മുന്‍വൈരാഗ്യമുണ്ടായിരുന്നു.  തോമസിന്റെ ജീപ്പിന്റെ ഉടമയായിരുന്ന ഷാഹുല്‍ ഹമീദും  ഗൂഡാലോചന നടത്തിയതായി പിന്നീട് തെളിഞ്ഞു. എന്നാൽ നാലാം പ്രതിയായ ഇയാളെ മാത്രം പിടികൂടാൻ കഴിഞ്ഞില്ല.  ദക്ഷിണാഫ്രിക്കയിലായിരുന്ന ഷാഹുൽ ഹമീദിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്. 

20016 ഒക്ടോബര്‍ 14ന് രാത്രി ഒമ്പതരയോടെ തോമസ് വീട്ടിലേക്ക് പോകുമ്പോള്‍ സൗഹൃദം നടിച്ചെത്തിയ സംഘം മദ്യപിക്കാനായി സമീപത്തുള്ള കാട്ടിലേക്ക് പോവുകയായിരുന്നു. ഒന്നിച്ചിരുന്നു മദ്യപിച്ചതിനുശേഷമായിരുന്നു കൊലപാതകം. കാട്ടാനയുടെ ആക്രമണത്തിലാണ് തോമസ് കൊല്ലപ്പെട്ടതെന്ന് കരുതി നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. കേസ് വഴിതിരിച്ചുവിടാൻ  പ്രതികളും ഇതിൽ പങ്കെടുത്തു.