കോഴിക്കോട് വനിതാ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ

കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വനിതാ ആര്‍പിഎഫ് എസ്.ഐ ധന്യയെ ആക്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. തിരുവള്ളൂര്‍ സ്വദേശിനി അഫ്സത്തിനെയാണ് റയില്‍വേ പൊലീസ് പിടികൂടിയത്. റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അഫ്സത്തിനോട് ധന്യ വിവരം തിരക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രകോപിതയായി അസഭ്യം പറഞ്ഞ് അഫ്സത്ത് ഉദ്യോഗസ്ഥയുടെ കവിളിലടിച്ച് മുറിവേല്‍പ്പിച്ചത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്സത്തിനെ ആര്‍.പി.എഫ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.