ഭാര്യപിതാവിനെ മരുമകൻ അടിച്ച് കൊന്നു

കൊട്ടാരക്കര പനവേലിയിൽ ഭാര്യപിതാവിനെ  മരുമകൻ  അടിച്ച് കൊന്നു. കൊല്ലം കരിക്കോട് സ്വദേശി സഹദേവൻ ആണ് മരിച്ചത്.  പ്രതി   സുകുമാരനെ പോലീസ് അറസ്റ്റ് ചെയ്തു.   

ഇക്കഴിഞ്ഞ നാലിനാണ് സഹദേവൻ പനവേലിയിലെ മകളുടെ വീട്ടിലെത്തിയത്. രാത്രിയിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ സഹദേവനെ സുകുമാരൻ വടികൊണ്ട് അടിച്ച് പരുക്കേൽപിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ  സഹദേവനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. മദ്യപിച്ച് വീണ് പരുക്കേറ്റെന്നായിരുന്നു ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. 

ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെ മുറിവുകൾ കണ്ട് സംശയം തോന്നിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. അടിയേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെ  കൊലപാതകമെന്ന് പോലീസ് ഉറപ്പിച്ചു. തുടർന്ന് നടത്തിയ അന്യേഷണത്തിൽ കുറ്റം സമ്മതിച്ചതോടെ സുകുമാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര സിഐ ബി.ഗോപകുമാർ എസ്ഐ എസ്. അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്യേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു