ചെറിയൊരു കുരു നീക്കം ചെയ്യാൻ എത്തി; യുവതി വെന്റിലേറ്ററിൽ

തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയതിലെ പിഴവുമൂലം യുവതി ഗുരുതരാവസ്ഥയില്‍. സഹകരണ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക്തിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.  എംബിഎ ബിരുദധാരിയും സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ വടൂക്കര ആലപ്പാട്ട് അനിഷയാണ് വെന്റിലേറ്ററിലുള്ളത്. ഒന്നര ആഴ്ച മുമ്പാണ് അനിഷയെ ദേഹത്തെ ചെറിയൊരു കുരു നീക്കം ചെയ്യാനായി ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ഇഞ്ചക്‌ഷൻ നൽകിയപ്പോഴെ ദേഹത്തു തടിപ്പു കണ്ടുവെങ്കിലും അഞ്ചിനു ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്കകം യുവതി അബോധാവസ്ഥിലായി. ഉടൻതന്നെ ജൂബിലി മിഷൻ മെഡിക്കൽ കോളജിലേക്കു മാറ്റി. അനസ്തീഷ്യ നൽകിയതിലെ പിഴവാണെന്നും ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. പിന്നീട്, വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.  

ചികിത്സാ വീഴ്ചയ്ക്കെതിരെ സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.ബാലകൃഷ്ണനും ഡോ.ജോബിയ്ക്കും എന്നിവർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. അനിഷ ആറു മാസം മുമ്പാണ് വിവാഹിതയായത്. ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സന്റെ ഭാര്യയാണ്. അനിഷയുടെ അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ചികിത്സാ വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ സഹകരണ ആശുപത്രിയിൽ പരാതി പറഞ്ഞെങ്കിലും ഗൗനിച്ചില്ല. ബന്ധുക്കള്‍ പരാതിയുമായി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചുകയായിരുന്നു. ഡോക്ടര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.