എടിഎം മോഷണം; സർക്കാർ ജീവനക്കാരിയുടെ 36,000 രൂപ കവർന്നു

കോഴിക്കോട് സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 36,000 രൂപ കവര്‍ന്നു. ബസില്‍ നിന്ന് എടിഎം കാര്‍ഡ് അടക്കമുള്ള പേഴ്സ് മോഷ്ടിച്ചതിന് ശേഷമാണ് പണം തട്ടിയത്. മോഷണം നടത്തിയ സ്ത്രീയെ പൊലിസ് തിരിച്ചറിഞ്ഞു. ഇവര്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

നന്മണ്ട കേരള ഗ്രാമിണ്‍  ബാങ്കിന്‍റെ എടിഎം കൗണ്ടറില്‍ നിന്നാണ് മോഷ്ടിച്ച കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത്. മുണ്ടിക്കല്‍താഴത്ത് നിന്ന് കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലേയ്ക്കുള്ള യാത്രക്കിടെയാണ് സര്‍ക്കാര്‍ ജീവനക്കാരിക്ക് പേഴ്സ് നഷ്ടമായത്. എംടിഎം കാര്‍ഡിന്‍റെ പിന്‍ നമ്പര്‍ പേഴ്സില്‍ തന്നെയുള്ള ഡയറിയില്‍ കുറിച്ചിട്ടതാണ്  വിനയായത്. പിന്‍ നമ്പര്‍ മനസിലാക്കിയ മോഷ്ടാവായ യുവതി നന്മണ്ടയിലെത്തിയ ശേഷമാണ്  പണം പിന്‍വലിച്ചത്. പല തവണയായി അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ പണവും പിന്‍വലിക്കുകയായിരുന്നു. സിസിടിവി ഉണ്ടെന്ന് മനസിലാക്കി പരമാവധി മുഖം മറച്ചാണ് ഇവര്‍ എടിഎം കൗണ്ടറില്‍ കയറിയത്.

പത്ത് മിനിറ്റോളം പണം പിന്‍വലിക്കാന്‍ സമയമെടുത്തു. മൊബൈലില്‍ പണം പിന്‍ വലിച്ചതിന്‍റെ ആദ്യ സന്ദേശം വന്നപ്പോഴാണ് പേഴസ് നഷ്ടമായ വിവരം സര്‍ക്കാര്‍ ജീവനക്കാരി മനസിലാക്കിയത്. പിന്നാലെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.