വണ്ടൂരിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ആൾ മലപ്പുറം  കാളികാവിൽ എക്സൈസിന്റെ പിടിയിൽ. വണ്ടൂർ പാലാ മഠം സ്വദേശി വിപിനാണ് പിടിയിലായത്.

വണ്ടൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളിൽ കഞ്ചാവിന്റെ ഉപയോഗം വർധിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു എക്സൈസിന്റ പരിശോധന. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം വച്ചാണ് പ്രതി വിപിൻ പിടിയിലായത്.വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.

കിലോക്ക് 25000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതിയാക്കിയാണ് വിൽപ്പന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നത്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ കഞ്ചാവ് വിൽപ്പന സംഘത്തെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ.