വിതുരയില്‍ വന്‍ ചന്ദന വേട്ട; അഞ്ചു പേര്‍ പിടിയിൽ

തിരുവനന്തപുരം വിതുരയില്‍ വന്‍ ചന്ദന വേട്ട. കല്ലാര്‍ വനത്തില്‍ നിന്ന് നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ചന്ദനം കടത്താന്‍ ശ്രമിച്ച അഞ്ചു പേര്‍ പൊലീസ് പിടിയിലായി. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. 

കല്ലാര്‍ വനത്തിനുള്ളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ചന്ദനം കടത്തിയ അഞ്ചുപേരാണ് പൊലീസ് പിടിയിലായത്. പന്ത്രണ്ട് ദിവസം മുന്‍പ് കാടിനുള്ളില്‍ കടന്ന് മരം മുറിച്ച ശേഷം വൈകിട്ട് നാലുമണിയോടെയാണ് മോഷണ സംഘം പുറത്തുവന്നത്. വിതുര സ്വദേശി മണിക്കുട്ടന്‍, ഭഗവാന്‍, മാധവന്‍ ,ഷാനി, ആനപ്പാറ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. 

വിതുര എസ്.ഐ നിജാം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിതിന്‍, ഷിജു റോബര്‍ട്ട് എന്നിവര്‍ നടത്തിയ നീക്കത്തില്‍ പ്രതികള്‍ കുടങ്ങുകയായിരുന്നു. മണിക്കുട്ടന്‍ നേരത്തേ ചന്ദന മോഷണക്കേസില്‍ തമിഴ്നാട്ടില്‍ അറസ്റ്റിലായിട്ടുണ്ട്. കാട്ടില്‍ പത്തും പതിനഞ്ചും ദിവസം താമസിക്കാനുള്ള ഭക്ഷണവുമായിട്ടാണ് പ്രതികള്‍ ചന്ദനമരം മുറിക്കാന്‍ പോയത്.