സ്ത്രീകളെ പരിശോധിക്കില്ലെന്ന് കരുതി; കടത്താൻ ശ്രമിച്ചത് 10 കോടിയുടെ ലഹരി

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു കിലോ ഹാഷിഷ് ഒായിലുമായി യുവതി എക്സൈസിന്റെ പിടിയില്‍. നാഗര്‍കോവില്‍ സ്വദേശി സിന്ദുജ ശിവകുമാറാണ് പിടിയിലായത്. 

നാഗര്‍കോവില്‍ സ്വദേശിയും അടുത്തനാളുകളിലായി തൃശൂര്‍ കേന്ദ്രമാക്കിയും താമസിക്കുന്ന സിന്ദുജ ശിവകുമാറാണ് ഹാഷിഷ്  ഓയിലുമായി പാലക്കാട്ടെത്തിയത്. ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്നാണ് മൊഴി. ഇരുപത്തിയൊന്നു വയസുകാരിയായ സിന്ദുജ ലഹരിമരുന്ന് കടത്തിന്റെ ഇടനിലക്കാരിമാത്രമാണ്. തൃശൂര്‍ ചാവക്കാടുളള സുഹൃത്താണ് പ്രധാന ഇടപാടുകാരന്‍. ട്രെയിനില്‍ സ്ത്രീകളെ പരിശോധിക്കുന്നത് പതിവല്ലാത്തതിനാല്‍ പിടിയിലാകില്ലെന്ന് വിശ്വസിച്ച് കാലങ്ങളായി ലഹരികടത്ത് തുടരുകയായിരുന്നു. 

രണ്ടു കിലോ ഹാഷിഷ് ഒായിലിന് വിപണിയില്‍ പത്തുകോടിയിലധികം വിലവരുന്നതാണ് വിവരം. കഞ്ചാവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വീര്യംകൂടിയ ലഹരിവസ്തുവാണ് ഹാഷിഷ്. ഒായില്‍ ,ഖര രൂപങ്ങളിലാണ് ലഹരിമാഫിയ ഹാഷിഷ് വില്‍പ്പന നടത്തുന്നത്. എഴുപതു കിലോ കഞ്ചാവ് വാറ്റിയെടുത്താല്‍ ഒരു കിലോ ഹാഷിഷ് കിട്ടുമെന്നാണ് കണക്ക്. അതിനാല്‍ വിപണിവിലയും കൂടുതലാണ്. ഗ്രാമിന് ലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം. കഴിഞ്ഞമാസം തൃശൂരിലും തിരുവനന്തപുരത്തും ഹാഷിഷ് ഓയില്‍ പിടികൂടിയിരുന്നു.