കറ്റാനത്ത് വീട്ടമ്മയുടെ കൊലപാതകം; പതിനെട്ടുകാരൻ പിടിയിൽ

ആലപ്പുഴ കറ്റാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പതിനെട്ടുകാരൻ അറസ്റ്റിൽ. ഇലക്ട്രിക്കൽ ഡിപ്ലോമ വിദ്യാർഥിയായ ജെറിൻ രാജുവാണ് പിടിയിലായത്. മോഷണശ്രമം തടയുന്നതിനിടെ ബോധംകെട്ടുവീണ വീട്ടമ്മയെ ജനലിൽ കെട്ടിത്തൂക്കുകയായിരുന്നു. 

കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസിയെന്ന അൻപത്തിനാലുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് ജെറിൻ രാജു പിടിയിലായത്. വീട്ടിൽ പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്ന ജെറിൻ മോഷണം നടത്തുന്നത് വീട്ടമ്മ കണ്ടതാണ് കൊലപാതക കാരണം. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം തുളസിയുടെ വീട്ടിലെത്തിയ ജെറിൻ ആളുമാറിയ തക്കത്തിന് അലമാരിയിൽനിന്ന് പണം മോഷ്ടിച്ചു. ഇതു കണ്ടുകൊണ്ടുവന്ന തുളസിയും ജെറിനുമായി മൽപ്പിടുത്തമുണ്ടായി. ഇതിനിടെ ബോധരഹിതയായ തുളസിയെ സാരിയുപയോഗിച്ച് ജനലിൽ കെട്ടിത്തൂക്കി. തെളിവു നശിപ്പിക്കാമെന്ന ധാരണയിൽ മുറിയിലും പരിസരത്തുമായി മുളകുപൊടി വിതറിയതും പ്രതിക്ക് വിനയായി. മൊബൈൽ ഫോൺ വാങ്ങുന്നതിനായി 10 800 രൂപയാണ് ജെറിൻ മോഷ്ടിച്ചത്.

ബന്ധുക്കളുടെ പരാതിയിൽ വള്ളികുന്നം പൊലീസ് കേസെടുക്കുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുളസിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തി. പിടിയിലായ ജെറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.