പുല്ലേപ്പടി, തൃപ്പൂണിത്തുറ കവര്‍ച്ചകേസ്; തെളിവെടുപ്പ് നടത്തി

വീട്ടുകാരെ കെട്ടിയിട്ടശേഷം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും കവര്‍ച്ച നടത്തിയ കേസുകളിലെ പ്രതികളെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തു.  ഡല്‍ഹി പൊലീസിന്റെ പിടിയിലായ ബംഗ്ളദേശുകാരും വന്‍ കവര്‍ച്ചക്കാരുമായ മൂന്നുപേരെയാണ് കൊച്ചിയിലെത്തിച്ചത്. സ്ഥിരം കവര്‍ച്ചക്കാരായ പ്രതികളുടെ മറ്റ് കൂട്ടാളികള്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാണ്

കഴി‍ഞ്ഞ വര്‍ഷാവസാനമാണ് പുല്ലേപ്പടിയിലെയും ത‍‍‍ൃപ്പൂണിത്തുറയിലെയും വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളിലായി പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഇതില്‍ വൃദ്ധദമ്പതികളെ തോക്കുകാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ പുല്ലേപടിയിലെ വീട്ടിലേക്കാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. പിടിയിലായ ഇക്രം, സലിം, മുഹമ്മദ് ഹാരൂണ്‍ എന്നീ പ്രതികളെ കാക്കനാട് ജയിലില്‍‌വച്ച് നേരത്തെ തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു.

ബംഗ്ളദശ് അതിര്‍ത്തിവഴി ഇടയ്ക്ക് ഇന്ത്യയിലെത്തുന്ന പ്രതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രീത്് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ ലോകേഷിനെ പ്രതികള്‍ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസും നിലവിലുണ്ട്. കവര്‍ച്ചാശ്രമം തടഞ്ഞപ്പോഴായിരുന്നു ഈ സംഭവം. ഡല്‍ഹി പൊലീസ് ഈ കേസില്‍ അറസ്റ്റുചെയ്ത പ്രതികള്‍ കൊച്ചിയില്‍ നടത്തിയ കവര്‍ച്ചയും ഏറ്റുപറഞ്ഞു. ഇതോടെ തൃക്കാക്കര എസ്.െഎ ഷെബാബിന്റെ നേതൃത്വത്തിലുള്ള സംഘം തിഹാര്‍ ജയിലിലെത്തി  പ്രതികളെ അറസ്റ്റുചെയ്ത് കൊച്ചിയിലെത്തിക്കുകയായിരുന്നു.

ആക്രിക്കച്ചവടത്തിന്റെ മറവിലെത്തുന്ന പ്രതികള്‍ വീടുകൾ മുന്‍കൂട്ടി കണ്ടെത്തിയായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്. നാളെ തൃപ്പൂണിത്തുറയില്‍ കവര്‍ച്ച നടത്തിയ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുക്കും.