ഉടുമ്പും രങ്കനും മല്ലൻപിള്ളയും; ഒരു പഴയ മോഷണക്കഥ

ഉടുമ്പ് ഒരു വിചിത്രജീവിയാണ്. കണ്ടാൽ ഒരു ദിനോസർ കുഞ്ഞിനെ പോലെ തോന്നും. അല്ലെങ്കിൽ നിവർന്നു നിൽക്കുന്ന ഒരു കൂറ്റൻ പല്ലി. രങ്കനു പക്ഷേ, ഉടുമ്പ് ഒരു തൊഴിലുപകരണമായിരുന്നു. അടുത്തകാലത്തൊന്നും ഉടുമ്പിനെ ഉപയോഗിച്ചു മോഷണം നടന്ന ഒരു റിപ്പോർട്ടും നമ്മൾ വായിച്ചിട്ടില്ല. പണ്ടു തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വിലസിയ കള്ളനാണ് ‘ഉടുമ്പു രങ്കൻ’ 

ഇത്തരം കള്ളൻകഥകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ഉടുമ്പ് എന്ന ‘മോണിറ്റർ ലിസേർഡ്’. വംശനാശ ഭീഷണി നേരിടുന്ന ഉരഗ ജീവി. കുമരകം പക്ഷി സങ്കേതത്തിലാണു കേരളത്തിൽ ഏറ്റവും അധികം ഉടുമ്പുകളെ ജീവനോടെ കാണാൻ കഴിയുന്നത്. പണ്ടത്തെ ആക്‌ഷൻ ത്രില്ലർ സിനിമകളിലും വില്ലൻ കഥാപാത്രങ്ങളുടെ കൈകളിൽ ഉടുമ്പിനെ കാണാം. ശത്രുരാജ്യത്തിന്റെ കോട്ട ചാടി കടക്കാനും കൊട്ടാരത്തിൽ നിന്നു വജ്രാഭരണങ്ങളും കിരീടങ്ങളും മോഷ്ടിക്കാനും ‘സഹനടനായി’ ഉടുമ്പ് എത്താറുണ്ട്. 

സാധാരണ ജീവികളേക്കാൾ ഭിത്തികളിലും അഴികളിലും അള്ളിപ്പിടിക്കാൻ ഉടുമ്പിനു പ്രത്യേക കരുത്തുണ്ട്. എന്നാൽ ഒരു ഒത്ത മനുഷ്യന്റെ ഭാരം കയറിൽ താങ്ങാൻ ഉടുമ്പിനു കഴിയുമെന്നു വിശ്വസിക്കാൻ പാടാണ്. മോഷണത്തിനു പരിശീലനം ലഭിച്ച കുട്ടികളെയും ശരീരഭാരം കുറഞ്ഞ പ്രായപൂർത്തിയായവരെയും കെട്ടിടങ്ങളുടെ ഉള്ളിൽ കടത്തിവിട്ടു വാതിലുകൾ തുറപ്പിക്കാൻ ഒരുപക്ഷേ, ഉടുമ്പുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം. 

ഉടുമ്പിന്റെ ഒതുങ്ങിയ അരക്കെട്ടും ബലിഷ്ഠമായ വാലും ഉറപ്പുള്ള കയറു കൊണ്ടു വളച്ചു കെട്ടിയാണു മോഷ്ടാക്കൾ ഉപയോഗിച്ചിരുന്നത്. കയർ കെട്ടിയ ഉടുമ്പിനെ കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിലേക്ക് എറിയും. വളർത്തു മൃഗങ്ങളെ പോലെ ഇണങ്ങുന്ന ശീലമുള്ള ഉടുമ്പുകളെ പരിശീലനത്തിലൂടെയാണു മോഷണ ദൗത്യം അഭ്യസിപ്പിക്കുന്നത്. 

കെട്ടിടത്തിന്റെ ഉത്തരപ്പടി, മേൽക്കൂരയുടെ കഴുക്കോൽ, ജനലഴികൾ എന്നിവയിൽ പിടിത്തമിടുന്ന ഉടുമ്പ് യജമാനന്റെ നിർദേശം ലഭിക്കാതെ പിടി വിടില്ല. ഉടുമ്പിന്റെ അരയിൽ കെട്ടിയ കയറുമായി ബന്ധിപ്പിച്ച നൂലേണിയിലൂടെ മോഷണസംഘത്തിലെ ഏറ്റവും ഭാരം കുറഞ്ഞയാൾ മുകളിലേക്കു പിടിച്ചു കയറും. കേരളത്തിൽ മോഷ്ടാവിനെയും ഉടുമ്പിനെയും കയ്യോടെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനാണു തിരു–കൊച്ചി പൊലീസിലെ മല്ലൻപിള്ള. മുൻപൊലീസ് ഉദ്യോഗസ്ഥൻ കെ. രമേശൻ നായരുടെ ഓർമക്കുറിപ്പുകളിലാണു മല്ലൻപിള്ളയും രങ്കനും മുഖാമുഖം എത്തുന്നത്. 

അക്കാലത്ത് ഉടുമ്പുരങ്കനെ ‘പ്രസിദ്ധനാക്കിയ’ ഒരു മോഷണം നടന്നു. പണമോ പണ്ടമോ അല്ല രങ്കൻ മോഷ്ടിച്ചത്. സാക്ഷാൽ മനുഷ്യസ്ത്രീയെ, രങ്കന്റെ കാമുകിയെ. ആ യുവതിയുടെ പിതാവ് മഹാപാണ്ഡ്യർ നടത്തിയ വെല്ലുവിളി രങ്കൻ ഏറ്റെടുത്തതായാണു കഥ. ‘മഹാകള്ളനായ നിനക്ക് ഞാനെന്റെ മകളെ കെട്ടിച്ചു തരില്ല, അത്രയ്ക്കു മിടുക്കനായ തസ്കരനാണെങ്കിൽ അവളെ കട്ടുകൊണ്ടു പോടാ...’ മഹാപാണ്ഡ്യരുടെ വെല്ലുവിളി രങ്കൻ ഏറ്റെടുത്ത് ഉടുമ്പിന്റെ സഹകരണത്തോടെ വിജയിച്ചെന്നാണു വാമൊഴി. പിന്നീടൊരു ദിവസം മഹാരാജാവിന്റെ അടുപ്പക്കാരായ കുടുംബത്തിന്റെ ബംഗ്ലാവിൽ ഒരു മോഷണം നടന്നു. സ്ഥലം സന്ദർശിച്ച മല്ലൻപിള്ള പൊലീസ് വേലിയിലെ ചെടിയിൽ ഉടക്കിയ ഒരു മഞ്ഞ നൂൽ കണ്ടെത്തി. ആരോ ജപിച്ചു കയ്യിൽ കെട്ടിയതു വേലിയിൽ ഉടക്കി പൊട്ടിയതാണ്. 

മാസം ഒന്നു കഴിഞ്ഞപ്പോഴാണ് ഒരു ഇറച്ചിക്കടയിൽ നിൽക്കുന്ന തമിഴ്നാടു സ്വദേശിയുടെ കയ്യിൽ സമാനമായ മഞ്ഞച്ചരട് മല്ലൻപിള്ള ശ്രദ്ധിച്ചത്. എല്ലാ ദിവസവും ഇയാൾ അര കിലോഗ്രാം ഇറച്ചി വാങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്കു കയറുന്നതായി കണ്ടെത്തി. പൊന്തക്കാട്ടിൽ ഒളിപ്പിച്ച ഒരു പനമ്പുകൊട്ടയിൽ നിന്ന് ഒരു പ്രത്യേക തരം ജീവിയെ പുറത്തെടുത്ത് ഇറച്ചി ഭക്ഷിക്കാൻ നൽകുന്നതും പൊലീസ് ഒളിച്ചിരുന്നു കണ്ടു. 

ഈ ജീവി ഉടുമ്പാണെന്നു തിരിച്ചറിഞ്ഞ നിമിഷം മല്ലൻപിള്ളയുടെ ബലിഷ്ഠമായ കൈകൾ തമിഴ്നാട്ടുകാരന്റെ ദേഹത്തു വീണു. അതു രങ്കനായിരുന്നു, ഉടുമ്പുരങ്കൻ. ചോദ്യം ചെയ്യലിൽ മോഷണങ്ങൾ ഒന്നൊന്നായി തെളിഞ്ഞു. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അവസാനത്തെ ‘ഉടുമ്പേറ്’ മോഷ്ടാവാണു രങ്കൻ. ജയിൽ പുള്ളികളുടെ തല്ലുകൊണ്ടു രങ്കൻ പിന്നീടു മരിച്ചുവെന്നാണു ചരിത്രം.