വി.ഐ.പി വാഹനത്തിന് തടസം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് പൊലീസ് മർദനം: പ്രതിഷേധം

വി.ഐ.പി വാഹനത്തിന്  തടസം സൃഷ്ടിച്ചുവെന്നാരോപിച്ച് മലപ്പുറം കോട്ടക്കലില്‍ എഴുപതുകാരനെ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ നടപടി വൈകുന്നില്‍ പ്രതിഷേധം. സിസിടിവി , മൊബൈല്‍ ദൃശ്യങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ കേസില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുള്ളൂ എന്നാണ് പൊലിസ് നിലപാട്. ആരോപണ വിധേയനായ പൊലിസുകാരനെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് പരാതികാരന്‍ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 24 നാണ് വി.ഐ.പി വാഹനത്തിന് തടസം സൃഷ്ടിച്ചുവെന്നാരോപിച്ച് റയില്‍വേ മുന്‍ ഉദ്യോഗസ്ഥനായ കൊളത്തൂപ്പറമ്പ് സ്വദേശി ജനാര്‍ദനനെ പൊലിസ് മര്‍ദിച്ചത്.മൂക്കിന് മര്‍ദനത്തില്‍ പരുക്കേറ്റിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന തിരൂര്‍ സി.ഐ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.സി.സി.ടി.വി മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനാണിത്.എന്നാല്‍ പൊലിസിന്റെ ഈ അന്വേഷണത്തില്‍ തൃപ്തനല്ലെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് ശ്രമമെന്നും പരാതിക്കാരന്‍ പറയുന്നു.

ആരോപണ വിധേയനായ കോട്ടക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ ബെന്നിയെ തിരുവനന്തപുരം എസ്.എ.പി ക്യാംപിലേക്ക് മാറ്റിയിരുന്നു.എന്നാല്‍ ഇത് മുഖം രക്ഷിക്കല്‍ നടപടി മാത്രമാണെന്ന് പരാതിക്കാരന്‍ ഉന്നയിക്കുന്നു.