വണ്ടിപ്പെരിയാറിൽ 152 കുപ്പി വ്യാജ വൈൻ പിടികൂടി

ഇടുക്കി വണ്ടിപ്പെരിയാറിൽ അനധികൃത വിൽപ്പനക്കായി കൊണ്ടുവന്ന 152 കുപ്പി വ്യാജ വൈൻ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളാണ് പിടിയിലായത്.

തൃശൂർ ചാലക്കുടി അന്നല്ലൂർ സ്വദേശികളായ ഊട്ടോളി ഹൗസിൽ അനിരുദ്ധൻ, പാലപ്പറമ്പിൽ വീട്ടിൽ പ്രദീപ്, എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ വണ്ടിപ്പെരിയാർ ടൗണിൽ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് തൃശൂരിൽ നിന്നും കൊണ്ടുവരുന്ന അനധികൃത വൈൻ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.

ഇവരിൽ നിന്നും വൈൻ അഥേയാ എന്ന പേരിലുള്ള 750 മില്ലിയുടെ 152 ബോട്ടിൽ വൈൻ കണ്ടെടുത്തു ഇവർ സഞ്ചരിച്ചിരുന്ന  കെ എൽ 31 ഡി 737-ാം നമ്പർ നാനോ കാറും കസ്റ്റഡിയിലെടുത്തു. 

ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് ഇവർ വ്യാജ വൈനുമായി വിനോദസഞ്ചാര കേന്ദ്രമായ കുമളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി എത്തുന്നത്. തൃശൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് സ്വയം നിർമ്മിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിൽപ്പനക്കാർ ഏറെനാളുകളായി ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായിരുന്നു ഇന്നലെ വിൽപ്പനയ്ക്കെത്തുമ്പോൾ ആണ് പിടിയിലായത് സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവർക്ക് വേണ്ടി അന്വേഷണം നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ 

വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ പി കെ രഘു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ ചന്ദ്രൻകുട്ടി പ്രിവന്റീവ് ഓഫീസർമാരായ ഷാഫി അരവിന്ദാക്ഷൻ, ഡി സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി രാജ്കുമാർ, ജോസി വർഗീസ്, അനീഷ് ടി എ, രാജീവ് ജി, ഷൈൻ എഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.