പൊലീസ് ഉദ്യോഗസ്ഥരെ പിക്കാസുകൊണ്ട് തലയ്ക്കടിച്ചു രക്ഷപ്പെടാൻ ശ്രമം – വിഡിയോ

രക്ഷപ്പെടാനുള്ള ശ്രമത്തിൽ വിചാരണ തടവുകാരൻ നടത്തിയ ആക്രമണത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ബിഹാറിലെ ബിന്ദ് ജില്ലയിൽ ഉമ്റി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉമേഷ് ബാബു, ഗജ്‌രാജ് എന്നിവർക്കാണ് വിചാരണ തടവുകാരന്റെ ആക്രമണത്തിൽ പരുക്കേറ്റത്. 

ഇതിൽ ഉമേഷിന്റെ നില ഗുരുതരമാണ്. ഇയാളെ ഗ്വാളിയോറിൽ നിന്ന് ഡൽഹിയിലെ ആശുപത്രിയിലേക്കു റഫർ ചെയ്തു. ഇരുപത്തഞ്ചുകാരനായ വിഷ്ണു രാജ്‌വത്താണ് ഉദ്യോഗസ്ഥരെ പിന്നിൽനിന്നു പിക്കാസ് ഉപയോഗിച്ചു തലയ്ക്കടിച്ചശേഷം ഓടി രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വിഷ്ണുവിനെ സന്ദർശിക്കാൻ ഒരു സുഹൃത്ത് വന്നിരുന്നുവെന്നും ഈ സമയം പിക്കാസ് ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് എടുത്തതായും അവർ അറിയിച്ചു.