പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നു പേരെ നാട്ടുകാർ തല്ലിക്കൊന്നു

വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ സ്കൂളിൽ അതിക്രമിച്ചു കടന്ന നാലംഗ സംഘത്തിലെ മൂന്നു പേരെ നാട്ടുകാർ തല്ലിക്കൊന്നു. ബിഹാര്‍ പാറ്റ്നയിലെ ബേഗുസരായി ജില്ലയിലെ ചൗരാഹി പ്രൈമറി സ്കൂളിലാണു സംഭവം.

രണ്ടു ബൈക്കുകളിലായെത്തിയ സംഘം സ്കൂളിനുള്ളിൽ കടന്ന് ഒരു വിദ്യാർഥിനിയെ അന്വേഷിച്ചു. വിദ്യാർഥിനി സ്കൂളിൽ എത്തിയിട്ടില്ലെന്ന് അറിയിച്ച ഹെഡ്മിസ്ട്രസിനെ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. 

തോക്കു കണ്ടു ഹെഡ്മിസ്ട്രസ് നീനാകുമാരി കുഴഞ്ഞുവീണതോടെ വിദ്യാർഥികൾ അലമുറയിട്ട് ഓടി. ബഹളം കേട്ടെത്തിയ നാട്ടുകാർ അക്രമി സംഘത്തെ പിടികൂടി.

സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നു പേരെ നാട്ടുകാരും അധ്യാപകരും ചേർന്നു തല്ലിച്ചതച്ചു. സമസ്തിപുർ സ്വദേശികളായ മുകേഷ് മഹ്തോ, ശ്യാം സിങ്, ഹീര സിങ് എന്നിവരാണു കൊല്ലപ്പെട്ടത്. പല കേസുകളിൽ പ്രതിയായ മുകേഷ് ഈയിടെയാണു ജയിൽ മോചിതനായത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി നാഗമണിയുടെ സഹോദരനാണു മുകേഷ്.