തോക്കുവീണു; ഓടിയപ്പോള്‍ പാന്‍റഴിഞ്ഞും പോയി: കള്ളന് കിട്ടിയ പണി: വിഡിയോ

കക്കാൻ അറിഞ്ഞാൻ നിൽക്കാനും അറിയണം. അല്ലെങ്കിൽ കൊളറാഡോയിലെ കള്ളൻ കിട്ടിയതുപോലെയുള്ള മുട്ടൻ പണി കിട്ടും. അടുത്തിടെ അമേരിക്കന്‍ പോലീസ് പുറത്തു വിട്ട ഒരു കള്ളന്റെ വിഡിയോ അത്തരത്തിലുള്ള ഒന്നാണ്. കവര്‍ച്ച നടത്താനായി കള്ളന്‍ തോക്കുമായെത്തുന്നതും ആ തോക്ക് തന്നെ കള്ളന് പണിയായി മാറുന്നതുമാണ് ആ വിഡിയോ.

അറോറയിലെ സിഗരറ്റ് കടയിലാണ് തൊപ്പിയും കണ്ണടയും വെച്ച് കള്ളനെത്തിയത്. ക്യാഷറെ ഭയപ്പെടുത്തി പണം അടിച്ചുമാറ്റാന്‍ തോക്ക് കൈയിലെടുത്തപ്പോഴേ അത് കൈയില്‍ നിന്ന് വഴുതി താഴെ വീണു. അതോടെ അതെടുക്കാനുള്ള വെപ്രാളം. അതിനിടെ സ്ഥാപനത്തിലുണ്ടായിരുന്ന സ്ത്രീ ഒച്ച വച്ചതോടെ ആകെ പരിഭ്രമത്തിലായ മോഷ്ടാവ് പിന്തിരിഞ്ഞ് ഓടുന്നതിനിടെ പാന്റഴിഞ്ഞു പോകുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ കള്ളന്റെ കൈയില്‍ നിന്നും വീണ് കിട്ടിയ തോക്കുമായി കടയ്ക്കുള്ളില്‍ നടക്കുന്ന ജീവനക്കാരിയേയും വിഡിയോയില്‍ കാണാം.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് പോലീസ് വിഡിയോ പുറത്തുവിട്ടത്. വിഡിയോ നിരവധി പേര്‍ കണ്ടു കഴിഞ്ഞു. പുതിയ പണി നോക്കാന്‍ കള്ളനെ ഉപദേശിച്ചവര്‍ നിരവധിയാണ്. വിഡിയോയ്ക്കുള്ള കമന്റുകളെല്ലാം ചിരിപ്പിക്കുന്നതാണ്.