ഇരുതലമൂരിയുമായി മൂന്നംഗ സംഘം പിടിയിൽ; ഒളിപ്പിച്ചത് പിവിസി പൈപ്പിനുള്ളിൽ

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച ഇരുതലമൂരിയുമായി മൂന്നംഗ സംഘം കുമളി എക്സൈസ് പിടിയിൽ. കുമളി അതിർത്തിയിൽ  എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. 

തമിഴ്നാട് മേട്ടുപ്പാളയത്തിൽ നിന്ന് എറണാകുളത്തേയ്ക്ക്  ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച മൂന്നംഗ സംഘമാണ് കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്. ഇടുക്കി കട്ടപ്പന മേട്ടുക്കുഴി സ്വദേശികളായ ഇടവക്കേടത്തു വീട്ടിൽ അരുൺ ഗോപാലകൃഷ്ണൻ, ആലക്കൽ വീട്ടിൽ അനീഷ് വർഗ്ഗീസ്, എറണാകുളം തിരുവണ്ണൂർ കുട്ടാശ്ശേരി വീട്ടിൽ എൽദോ മാത്യു എന്നിവരാണ് പിടിയിലായത്.

KL.10.AU.2512 എന്ന ഫോർഡ് ഫിയസ്റ്റ കാറിന്റെ ഡിക്കിയിൽ പിവിസി പൈപ്പിനുള്ളിലാണ് ഇരുതലമൂരിയെ ഒളിപ്പിച്ചിരുന്നത്. പൈപ്പിൽ മണലും നിറച്ചിരുന്നു. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഇവ പിടിയിലായി. ഒരു ഇരുതലമുരിക്ക് വിപണിയിൽ അമ്പത് ലക്ഷം രൂപ വിലമതിക്കും എന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.

പാമ്പിനെ എറണാകുളത്ത് കൂടുതൽ വിലയ്ക്ക് വില്ക്കാനായിരുന്നു പദ്ധതി. സംഭവത്തിനു പിന്നിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും, ഇവർ നേരത്തെ ഇത്തരത്തിൽ ഉള്ള കുറ്റകൃത്യങ്ങളിൽ പെട്ടവരാണോയെന്നും എക്സൈസ് അന്വേഷിച്ച് വരുന്നു.