മുനമ്പം ബോട്ടപകടം: കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി മുനമ്പത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ഏഴാംദിവസവും തിരച്ചില്‍. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിലാണ് പരിശോധന. അതിനിടെ പരിശോധനയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തമിഴ്നാട് എംപി എ.വിജയകുമാര്‍ കൊച്ചിയിലെ തീരസംരക്ഷണ സേനയുടെ ആസ്ഥാനത്തെത്തി. 

ഈമാസം ഏഴിനാണ് മുനമ്പം തീരത്തുനിന്ന് 28 നോട്ടിക്കല്‍ മൈല്‍ അകലെ 14 പേരടങ്ങിയ മല്‍സ്യബന്ധബോട്ടില്‍ കപ്പല്‍ ഇടിച്ച് അപകടമുണ്ടായത്. രണ്ടുപേരെ പരുക്കുകളോടെയും അഞ്ചുപേരെ മരിച്ചനിലയിലും കടലില്‍ നിന്ന് കണ്ടെത്തിയിരുന്നു. കാണാതായ മറ്റ് ഏഴുപേര്‍ക്കുവേണ്ടിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അപകടമുണ്ടായ ബോട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

റിമോള്‍ട്ട് കണ്‍ട്രോള്‍ സാങ്കേതിക വിദ്യായുള്ള അന്തര്‍വാഹിനി ക്യാമറ ഉപയോഗിച്ച് നാവികസേനയുടെ നേതൃത്വത്തില്‍ ആഴക്കടലിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും മൂന്നു കപ്പലുകള്‍ വീതമാണ് ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നത്. അതിനിടെ തിരച്ചിലിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കന്യാകുമാരില്‍ നിന്നുള്ള രാജ്യസഭാ എംപി എ.വിജയകുമാര്‍ കൊച്ചിയിലെ തീരസംരക്ഷണ സേനയുടെ ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തിരച്ചില്‍ തൃപ്തികരമാണെന്നും മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും എ.വിജയകുമാര്‍ എംപി പറഞ്ഞു.