സെക്കന്‍ഡ് ഹാൻഡ് ഫോണുകള്‍‘നൈസായി’തട്ടൽ, രണ്ടു പേർ പിടിയിൽ

ഓണ്‍ലൈനില്‍ വില്‍ക്കാന്‍വച്ച സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട് ഫോണുകള്‍ തന്ത്രപരമായി തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് കളവുമുതലും കണ്ടെടുത്തു.

വിലകൂടിയ സ്മാടര്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനായി വിവരങ്ങള്‍ നല്‍കുന്നവരാണ് തട്ടിപ്പിന്റെ ഇരകള്‍. ഇങ്ങനെയുള്ള പരസ്യത്തിലെ നമ്പറിലേക്ക് തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി ഷിനു വിളിക്കും. ഫോണുമായി ആള്‍ വരുമ്പോള്‍ ഡീല്‍ സംസാരിക്കും. ഫോണ്‍ പരിശോധിക്കാനെന്ന വ്യാജേന ഏതെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കയറി പോകും. ഫോണിന്റെ യഥാര്‍ഥ ഉടമയെ കെട്ടിടത്തിന് പുറത്ത് കാത്തുനിര്‍ത്തും. 

പിന്നെ, പുറകു വശം വഴി രക്ഷപ്പെടുകയാണ് പതിവ്. ഷിനുവിന്റെ സുഹൃത്ത് ഏങ്ങണ്ടിയൂര്‍ സ്വദേശി സജീവിനേയും അറസ്റ്റ് ചെയ്തു. നിരവധി സിനിമകള്‍ക്കു സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ടെന്ന് സജീവ് പൊലീസിനോട് പറഞ്ഞു. സജീവ് നവകം എന്ന പേരിലാണ് കലാരംഗത്ത് അറിയപ്പെടുന്നത്. കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി ഷിനു സമ്മതിച്ചു. കളവുമുതലായ ഫോണുകള്‍ വില്‍ക്കാന്‍ ഒത്താശ ചെയ്തുവെന്നതാണ് സജീവിനെതിരായ കുറ്റം. ‍