'കഞ്ചാവടിക്കാൻ കാശിനു വേണ്ടി മോഷണം'; കാണിക്കവഞ്ചി പൊളിക്കാനായില്ല: ജ്വല്ലറി കുത്തിത്തുറന്നു

ഈ മാസം ഒന്നിനു പുലർച്ചെ മുല്ലയ്ക്കലിലെ സംഗീത ജ്വല്ലറി കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചത് കാണിക്ക വഞ്ചി പൊളിക്കാനുളള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണെന്ന് പ്രതികളുടെ മൊഴി. കഞ്ചാവ് വാങ്ങാൻ 3000 രൂപ കണ്ടെത്തുന്നതിനു വേണ്ടിയാണ് പ്രതികളായ സജീറും ഇജാസും കഴിഞ്ഞ 30 ന് രാത്രി മോഷണം നടത്തിയത്. പുന്നപ്രയ്ക്കു സമീപത്തുനിന്നു മോഷ്ടിച്ച ബൈക്കിൽ അറവുകാട് ക്ഷേത്രത്തിനു സമീപമെത്തി. ഇവ‍ിടെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തല്ലിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും പൂട്ട് തുറക്കാൻ കഴിഞ്ഞില്ല. ആദ്യശ്രമം പരാജയപ്പെട്ടതോടെ ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം ഇലയിൽ ജ്വല്ലറിയുടെ വാതിൽ തല്ലിപ്പൊളിക്കുകയും പൂട്ടു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതും പരാജയപ്പെട്ടു. തുടർന്ന് മുല്ലയക്കലിൽ എത്തി സ്നേഹ ജ്വല്ലറിയുടെ പൂട്ട് പൊളിക്കാൻ ശ്രമിിച്ചുവെങ്കിലും ശ്രമം വിജയിച്ചില്ല. ജ്വല്ലറി പൊളിക്കാനുളള ശ്രമത്തിനിടെ ഇജാസിന്റെ കൈമുറിഞ്ഞു ചോരവാർന്നുവെങ്കിലും പിൻമാറാൻ പ്രതികൾ ഒരുക്കമല്ലായിരുന്നു. 

അവസാനവട്ടശ്രമം  എന്ന നിലയിലായിരുന്നു സംഗീത ജ്വല്ലറിയിൽ പ്രതികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒന്ന‍ാം തീയതി പുലർച്ചെ ഒരു മണിയോടെ പൂട്ട് പൊളിക്കാൻ തുടങ്ങി. പൂട്ട് പൊളിച്ച് ഷട്ടർ അൽപം ഉയർത്തിയ ശേഷം സജീർ ഇഴഞ്ഞ് ഉള്ളിലേക്കു കയറി. ഇജാസ് പുറത്തു കാവൽ നിന്നു. 16 മിനിറ്റു കൊണ്ട് ഒരു കിലോയോളം സ്വർണമാണ് സജീർ മോഷ്ടിച്ചത്. വേറെയും സ്വർണം എടുക്കാവുന്നവിധം ഷോറൂമിനുള്ളിൽ കണ്ടെങ്കിലും അവയിൽ തൊട്ടില്ല. മോഷണമുതലുമായി ഇരുവരും കൂട്ടാളിയായ രാകേഷിന്റെ വീട്ടിലെത്തി. നാലു മാല പുറത്തെടുത്ത് വിൽക്കാൻ ഏൽപിച്ചു. അന്ന്, ഞായറാഴ്ചയായതിനാൽ വിൽപന നടന്നില്ല. സുഹൃത്തായ സൗമ്യയാണ് പ്രതികൾക്ക് തിരുവനന്തപുരത്തു പോയി മാല വിറ്റ് പണം നൽകിയത്. ഈ പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിയ ബൈക്കുകളിൽ ഒന്ന് അപകടത്തിൽപ്പെട്ടിരുന്നു. അടുത്ത ദിവസം രാകേഷിന്റെ അമ്മ സുധയുടെ കൈവശവും ഇവർ സ്വർണം പണയം വയ്ക്കാൻ നൽകിയിരുന്നു.  ബാക്കി സ്വർണം വണ്ടാനത്ത് ആലപ്പുഴ മെഡിക്കൽ കോളജ് പര‍ിസരത്തു കുഴിച്ചിടുകയായിരുന്നു. മോഷണമുതൽ വിറ്റ പണം ഉപയോഗിച്ചു പ്രതികൾ തമിഴ്നാട്ടിലേക്കു പോയി. 

കയ്യിലുണ്ടായിരുന്ന പണം തീർന്നപ്പോൾ വണ്ടാത്ത് കുഴിച്ചിട്ട സ്വർണം തിരിച്ചെടുക്കാൻ വന്നപ്പോഴാണ് സജീർ പിടിയിലായത്. ഇജാസ് ഓടി രക്ഷപ്പെട്ടു. രാകേഷിനെ കാർത്തികപ്പള്ളിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ ഡിവൈഎസ്പി പി.വി.ബേബി, നോർത്ത് സിഐ ഇ.കെ.സോൾജിമോൻ, എസ്ഐമാരായ വി.ആർ.ശിവകുമാർ, എം.കെ.രാജേഷ്, വിനോദ് കുമാർ, സീനിയർ സിപിഒമാരായ മോഹൻകുമാർ, അമൃതരാജ്, സിപിഒമാരായ ബിനു, സിറിൽ, വികാസ്, ദിനുലാൽ, അരുൺകുമാർ, സാജു സത്യൻ, സിദ്ദീഖ്, പ്രവീൺ, വിജിമോൻ, വിഷ്ണു, ഉണ്ണിക്കൃഷ്ണൻ, രാഹുൽ, ആന്റണി രതീഷ്, അരുൺ, ഷ‍ിനോയ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. 

മുല്ലയ്ക്കലിൽ മോഷണം നടത്തിയ കേസിലെ ആദ്യ മൂന്നു പ്രതികളെയും അഞ്ചാം നാൾ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. 

ജാമ്യം കിട്ടാവുന്ന കേസുകൾ മാത്രമേ ഇവരുടെ പേരിലുണ്ടായിരുന്നുള്ളൂ. ഇവരെ ജാമ്യത്തിൽ വിട്ടെങ്കിലും അടുത്തദിവസം സ്റ്റേഷനിൽ എത്തണമെന്നു നിർദേശം നൽകി. ഇവരിൽനിന്നു പിടിച്ചെടുത്ത 80,000 രൂപ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, ഇവർ പിന്നീടു തിരിച്ചെത്തിയില്ല. സംശയം തോന്നിയ എക്സൈസ് സംഘം പൊലീസിനെ വിവരം അറിയിച്ചു. പൊലീസിനു സംഗീത ജ്വല്ലറിയിൽനിന്നു ലഭിച്ച വിരലടയാളങ്ങളും സിസിടിവി ക്യാമറയിൽനിന്നു ലഭിച്ച ചിത്രങ്ങളും എക്സൈസിന്റെ പക്കലുള്ള രേഖകളുമായി പരിശോധിച്ചു പ്രതികളെ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്.