ദമ്പതികളെ കെട്ടിയിട്ട് കവർച്ച; പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു

പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് വീട്ടിൽക്കയറി ദമ്പതികളെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സേലം സ്വദേശി കേശവന്റെ നേതൃത്വത്തിലുള്ള എട്ടംഗ വൻ കവർച്ചാസംഘമാണ് കേസിൽ വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. വീടിന് സമീപത്ത്  ഒളിച്ചിരുന്നതും ദമ്പതികളെ കെട്ടിയിട്ടതും ഭീഷണിപ്പെടുത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭാവഭേദമില്ലാതെ സംഘം പൊലീസിനോട് വിശദീകരിച്ചു. 

കഴിഞ്ഞ മാസം 22ന് രാത്രിയിലായിരുന്നു ദേശീയപാതയോട് ചേർന്നുള്ള പന്നിയങ്കര ചുവട്ടുപാടത്തെ വീട്ടിലെ കവർച്ച. വീടിന് സമീപം വാഹനങ്ങളിലായി കവർച്ചാ സംഘം എത്തിയത്. നിരന്തരം ഹോണടിച്ച് വീട്ടുകാരെ പുറത്തിറക്കിയത്. രണ്ടുപേർ സമീപത്തെ കൃഷിയിടത്തിലൂടെ വീടിന് പിന്നിലേക്ക് എത്തിയത്. വന്ന വഴികളെല്ലാം തന്നെ കൃത്യമായി കവർച്ചാ സംഘം പൊലീസിനോട് വിശദീകരിച്ചു.

ആദ്യം ഗൃഹനാഥനായ സാം. പി.ജോണിനെ കെട്ടിയിട്ടു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ജോളിയെയും കവർച്ചാ സംഘം കെട്ടിയിട്ടു. തുടർന്നാണ് സ്വർണവും പണവും കവർന്നത്. എതിർക്കുന്നവരെ ക്രൂരമായി പരുക്കേൽപ്പിച്ച് വേണ്ടി വന്നാൽ കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തി മടങ്ങുന്നതായിരുന്നു ഇവരുടെ ശൈലി. തമിഴ്നാട്ടിലും കേരളത്തിലും നിരവധി ഇടങ്ങളിൽ ഇവർ കവർച്ച നടത്തിയിട്ടുണ്ടെന്ന് ആലത്തൂർ  ഡിവൈഎസ്പി.

കേശവനെക്കൂടാതെ സേലം സ്വദേശികളായ പ്രഭു, മുഹമ്മദ് അബ്ദുല്ല, തമിഴ് ശെൽവൻ, യമുനാ റാണി, യുവറാണി, സന്തോഷ് കുമാർ, ചക്രവർത്തി എന്നിവരാണ് അറസ്റ്റിലായത്. രണ്ടാളുകൾ കൂടി പിടിയിലാകാനുണ്ടെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു. 

palakkad robbery: 8 arrested