മഞ്ചേരി പുല്ലാരയില്‍ 1200 കിലോ ചന്ദനം വനം പിടികൂടി

മലപ്പുറം മഞ്ചേരി പുല്ലാരയില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് കിലോ ചന്ദനം വനം ഫ്ലയിങ് സ്ക്വാഡ് പിടികൂടി. സ്ത്രീ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടു വീടുകളുടേയും ചായ്പുകളില്‍ വിറകാണന്നു തോന്നിക്കുംവിധം ചാക്കിലാണ് ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്നത്.  പുല്ലാര പുന്നക്കോട്‌ വീട്ടിൽ നജ്മുദ്ദീൻ കുരിക്കൾ , ഗൾഫിലുള്ള സഹോദരന്റെ ഭാര്യ മുനീറ  എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. പിടിച്ചെടുത്ത ചന്ദനമുട്ടികള്‍ക്കൊപ്പം ചന്ദനത്തന്റെ ചീളുകളുമുണ്ട്. പ്രധാന റോഡിൽ നിന്ന് 200മീറ്റർ അകലെയാണ് വീടുകൾ.

നജ്മുദ്ദീൻ എത്തിച്ചതാണ് ചന്ദനമെന്ന് ഭാര്യയും മുനീറയും മൊഴി നൽകിയിട്ടുണ്ട്. പരിശോധന നടക്കുബോള്‍ നജ്മുദ്ദീന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പിടിച്ചെടുത്ത ചന്ദനത്തിന് വിപണിയിൽ കീലോഗ്രാമിന് 10,000രൂപ വിലയുണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞു. ചന്ദനം ശേഖരിച്ച ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങി.

കേരളത്തിന് പുറത്ത് ചന്ദന തൈലം ഫാക്ടറികളിലേക്ക് കടത്താൻ സംഭരിച്ചതാ‌ണന്നാണ് സൂചന. ഗോവ, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ചന്ദന ഫാക്ടറികളുണ്ട്. തുടരന്വേഷണത്തിന് കേസ് എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ സ്റ്റേഷന് കൈമാറി.