നിലമ്പൂരില്‍ കാറില്‍ കടത്തിയ 40 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം നിലമ്പൂരില്‍ കാറില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍ . കാസര്‍കോട് സ്വദേശികളായ മുഷ്താഖ് അഹമ്മദ്, ഇബ്രാഹിം സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്.  

മംഗ്ലൂരുവില്‍ നിന്ന് കഞ്ചാവ് നിലമ്പൂരില്‍ വില്‍പനക്ക് എത്തിക്കുമ്പോഴാണ് സംഘം വാഹനസഹിതം പിടിയിലായത്. കോളജുകളും റിസോട്ടുകളും കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാനായിരുന്നു ശ്രമം. ആന്ധ്രയിലെ മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന കഞ്ചാവ് മംഗുളുരുവിലെ ലോഡ്ജുകളില്‍ സൂക്ഷിക്കുകയാണ് സംഘത്തിന്റെ രീതി. പത്തും ഇരുപതും കിലോ വീതം കേരളത്തിലെ ടൗണുകളിലെത്തിച്ച് പിന്നീട് വില്‍പന നടത്തും.

മുന്‍പ് പലവട്ടം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ കേസ് നിലവിലുണ്ട്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ വലയിലാക്കിയത്. 

ഗൂഡല്ലൂര്‍ , കോയമ്പത്തൂര്‍, മംഗ്ലൂരു അതിര്‍ത്തികളില്‍ ദിവസങ്ങളോളം കാവലിരുന്നാണ് പൊലീസ് കഞ്ചാവു മാഫിയയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചത്. മലപ്പുറം എസ്.പി പ്രദീഷ് കുമാറിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, സി.ഐ കെ.എം. ബിജു തുടങ്ങിയവരടങ്ങിയ സംഘമാണ് കഞ്ചാവു മാഫിയയെ വലയിലാക്കിയത്.