മാളയില്‍ വടിവാള്‍ വീശി ഗുണ്ടായിസം കാട്ടി മുങ്ങിയ ഗുണ്ട അറസ്റ്റില്‍

തൃശൂര്‍ മാള കാവനാട്ടില്‍ വടിവാള്‍ വീശി ഗുണ്ടായിസം കാട്ടി മുങ്ങിയ ഗുണ്ട പ്രമോദ് അറസ്റ്റില്‍. ഓട്ടുകമ്പനിയുടെ പരിസരത്ത് ഒളിവില്‍ കഴിയുമ്പോഴാണ് പിടിയിലായത്. ഇതോടെ, ഗുണ്ടായിസം കാട്ടിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 

കഴിഞ്ഞ മേയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ട പ്രമോദും സംഘവും സഞ്ചരിച്ച കാര്‍ മാള കാവനാട്ടില്‍വച്ച് അപകടത്തില്‍പ്പെട്ടു. കാര്‍ മറിഞ്ഞതു കണ്ട് സഹായിക്കാന്‍ എത്തിയ വഴിയാത്രക്കാരനായ യുവാവിനോട് ഗുണ്ടാസംഘം തട്ടിക്കയറി. വാക്കേറ്റത്തിനിടെ വടിവാള്‍ വശി. യുവാവ് പരിസരത്തെ വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം, ഗുണ്ടാസംഘം വീടുകളില്‍ കയറി വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വടിവാള്‍ വീശിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രമോദ്. കാപ്പ ചുമത്താനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. മൊത്തം, എട്ടു പേരാണ് ഗുണ്ടായിസം കാട്ടിയ സംഘത്തിലുണ്ടായിരുന്നത്. പ്രമോദായിരുന്നു മുഖ്യപ്രതി.