കഞ്ചാവ് കടത്ത്; ഡ്യൂക്ക് രമേശ്‌ പിടിയിൽ

ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഡ്യൂക്ക് രമേശ്‌ എന്നറിയപ്പെടുന്ന ചെറിയഴിക്കൽ സ്വദേശി രമേശിനെ  കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ്‌പ്രതാപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു കിലോ കഞ്ചാവുമായി രമേശിനെ കരുനാഗപ്പള്ളിയില്‍ നിന്ന് അറസ്റ്റുചെയ്തത്.

എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജോസ്‌പ്രതാപിന്റെ  നേതൃത്വത്തിലുള്ള സംഘം  ദിവസങ്ങൾ നീണ്ട ശ്രമത്തിലാണ് ഡ്യൂക്ക് രമേശ്‌ പിടിയിലായത്. എക്സൈസിനേയും പോലീസിനെയും വെല്ലുവിളിച്ചാണ് രമേശിന്റെ കഞ്ചാവ് കച്ചവടം.

ഒരു കിലോ കഞ്ചാവ് വാങ്ങി വിറ്റുകിട്ടിയ തുകയ്ക്ക്  ബൈക്ക് വാങ്ങിയായിരുന്നു ഇയാളുടെ കഞ്ചാവ് കച്ചവടത്തിന്റെ തുടക്കം. ബൈക്കിൽ തന്നെയാണ് ഇയാൾ തമിഴ് നാട്ടിലും ബംഗളുരുവിലും  കഞ്ചാവ് വാങ്ങാൻ പോയിരുന്നത്. എക്സൈസ് കമ്മിഷണറുടെ രഹസ്യവിവരത്തെ തുടർന്ന് ഷാഡോ ടീം രമേശിന്റെ ചില്ലറ വില്പനക്കാരനായ വെളുത്ത മണൽ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.  ഇയാളെ കൊണ്ട്  രമേശിനോട് കഞ്ചാവ് ആവശ്യപ്പെട്ടു. കല്ലുമുട്ടിൽ കടവ് പാലത്തിനു സമീപം രണ്ട് കിലോ കഞ്ചാവു കൈമാറാൻ എത്തിയപ്പോഴാണ് രമേശ്‌ അറസ്റ്റിലായത്.

ഇയാളുടെ ചില്ലറ കച്ചവടക്കാരനായ ഇടക്കുളങ്ങര എഫ്സിഐ ഗോഡൗണിനു  സമീപം കഞ്ചാവ് കച്ചവടം ചെയ്യുന്ന കുയിൽ എന്ന് വിളിക്കുന്ന അമൽ, രമേശിന്റെ കൂട്ടാളിയാണ്.  കൊല്ലം, പരവൂർ, പോളയത്തോട്, രാമന്‍കുളങ്ങര, ഭാഗങ്ങളില്‍  ഇയാളുടെ ഏജന്റായ പരവൂർ സുനാമി കോളനിയിലെ കലേഷും ഇതേ തുടർന്ന് ഒളിവിലാണ്. ഇവർ ഒളിവിൽ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എക്സൈസ് നീരിക്ഷണത്തിലാണ് .പ്രതി രമേശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.