പഴയങ്ങാടി ജ്വല്ലറിക്കവര്‍ച്ച: ഇരുട്ടിൽത്തപ്പി പൊലീസ്

കണ്ണൂർ പഴയങ്ങാടിയിൽ പട്ടാപ്പകൽ സ്വർണക്കട കുത്തിത്തുറന്ന് കവർച്ച നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല. പ്രദേശവാസികളായ രണ്ടു പേരെക്കുറിച്ച് പൊലീസിന് സംശയമുണ്ടെങ്കിലും അറസ്റ്റിലേക്ക് നയിക്കാവുന്ന തെളിവുകൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ വെളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. ബസ് സ്റ്റാൻഡിനു സമീപത്തെ അൽഫത്വീബി ജ്വല്ലറിയിലെ അഞ്ചുകിലോ സ്വർണാഭരണങ്ങളും രണ്ടുലക്ഷം രൂപയുമാണ് കവർച്ച ചെയ്തത്. കടയുടമയും തൊഴിലാളികളും ജുമാ നമസ്കാരത്തിന് പോയപ്പോഴായിരുന്നു മോഷണം. പകൽ സമയം നടന്ന കവർച്ച പൊലീസിനും നാണക്കേടായി. സ്വർണ കടയുടെ സിസിടിവി ക്യാമറയിൽ സ്പ്രേ പെയിന്റ് അടിച്ചതും ഹാർഡ് ഡിസ്ക് കവർന്നതും അന്വേഷണത്തെ ബാധിച്ചു.

സമീപത്തെ ഒരു കടയിൽ സ്ഥാപിച്ച സിസിടിവിയിൽനിന്ന് വിദൂര ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ദൃശ്യത്തിൽ കണ്ട രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമാനമായ മോഷണങ്ങൾ നടന്ന കാസർകോട് ജില്ലയിലെ കേസുകളിലെ പ്രതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.