യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്.ഐക്കെതിരെ അന്വേഷണം

തിരുവനന്തപുരം പാങ്ങോട് എസ്.ഐ നിയാസിനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍  മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിര്‍ദേശിച്ചത്. എസ്.ഐ കള്ളക്കേസെടുത്തതോടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും ആരോപണമുണ്ട്. വിവാഹസംഘത്തിന്റെ വാഹനം തടഞ്ഞ് കല്യാണം മുടക്കിയെന്ന പരാതി ഉയര്‍ന്നതും ഈ എസ്.ഐയ്ക്കെതിരെയായിരുന്നു..

തിരുവനന്തപുരം കല്ലറ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയോട്  പാങ്ങോട് എസ്.ഐ നിയാസ് അപമര്യാദയായി പെരുമാറുകയും കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വീട്ടില്‍ അതിക്രമിച്ച് കയറി നാല് പേര്‍ ഭീഷണിപ്പെടുത്തുന്നൂവെന്ന് പരാതി നല്‍കാനെത്തിയപ്പോളായിരുന്നു മോശംപെരുമാറ്റമെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയില്‍ എസ്.ഐ കേസെടുത്തില്ല. എന്നാല്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപണമുള്ളവര്‍ നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതെല്ലാം കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. യുവതിക്കെതിരെ കേസെടുത്ത സാഹചര്യവും പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. നേരത്തെ വിവാഹസംഘത്തിന്റെ വഴിതടഞ്ഞ് കല്യാണം മുടക്കിയെന്നതടക്കം ഒട്ടേറെ പരാതികള്‍ നിയാസിനെതിരെയുണ്ട്.