ചിന്നാറിൽ പാറമടക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിയാനായില്ല

ഇടുക്കി ഏലപ്പാറ ചിന്നാറിലെ  പാറമടക്കുളത്തിൽ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ തിരിച്ചറിയാനായില്ല. പാറമടയ്ക്ക് മുകളിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പനയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍  പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ചയാണ് അന്യസംസ്ഥാന തൊഴിലാളിയെ പാറമടക്കുളത്തില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആളെ തിരിച്ചറിയാത്തതിനാല്‍ പോസ്റ്റ്മാര്‍ട്ടം ചെയ്തിട്ടില്ല. മരിച്ചയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റു നാല്പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഇന്നലെ രാത്രി മുതൽ ഇയാള്‍ ചിന്നാർ മേഖലയിൽ അലഞ്ഞ് തിരിയുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. 

എന്നാല്‍ ഞായറാഴ്ച ഒരു സ്വകാര്യ ബസിൽ മുണ്ടക്കയത്തു നിന്നും അഞ്ച് പേരടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളി സംഘം കയറുകയും ബസിൽ വെച്ച് പരപ്പരം വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കണ്ടക്ടർ ചിന്നാറിൽ വച്ച്  അവരെ ബസില്‍ നിന്നിറക്കി വിട്ടു. ഇവരിൽ മറ്റ് നാല് പേർ മറ്റൊരു ബസിൽ കയറി കട്ടപ്പനക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ പാറമടയിലേക്ക് വീഴുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നെന്ന് പൊലീസ് പറയുന്നു.