ലൈസന്‍സില്ലാത്ത വര്‍ക്ക് ഷോപ്പ് കെട്ടിടം വാടകയ്ക്ക് നല്‍കി പണം തട്ടിയതായി പരാതി

തലശേരിയില്‍ ലൈസന്‍സില്ലാത്ത വാഹന വര്‍ക്ക് ഷോപ്പ് കെട്ടിടം വാടകയ്ക്ക് നല്‍കി പണം തട്ടിയതായി പരാതി. കെട്ടിടം നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടിയതോടെ അറ്റകുറ്റപണികള്‍ക്കായി കൊണ്ടുവന്ന സര്‍ക്കാര്‍ വാഹനങ്ങളും കെട്ടിടത്തിനുള്ളിലായി. 

ചിറക്കരയിലാണ് വര്‍ക്ക് ഷോപ് പ്രവര്‍ത്തിച്ചിരുന്നത്. നടത്തിപ്പുകാരനായ എരഞ്ഞോളി സ്വദേശി ചന്ദ്രന്‍ ഈ കെട്ടിടം എസഎല്‍ പുരത്തെ റിജിന് കൈമാറി. രണ്ടേകാല്‍ലക്ഷം രൂപ മുന്‍കൂര്‍ തുകയായും പ്രതിമാസം പതിനയ്യായ്യിരം രൂപ വാടകയും നിശ്ചയിച്ച് രണ്ടുവര്‍ഷത്തേക്കാണ് നല്‍കിയത്. എന്നാല്‍ ലൈസന്‍സ് ഇല്ലെന്ന കാരണത്താല്‍ നഗരസഭാ അധികൃതരെത്തി കെട്ടിടം സീല്‍ ചെയ്തു. അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുവന്ന വാഹനങ്ങളും അകത്തായി. ഇതില്‍ വനംവകുപ്പിന്റെയും നഗരസഭയുടെയും ജീപ്പുകളുണ്ട്.

പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റിജിന്‍ പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ തലശേരി കോടതിയുടെ മുന്‍പിലാണ് കേസുള്ളത്.