ബംഗലുരുവിലെ ആക്രമണം; നടപടിയെടുക്കാതെ പൊലീസ്

ബെംഗളൂരുവിൽ മലയാളികൾക്ക് നേരെയുള്ള  ആക്രമണങ്ങൾ പതിവായിട്ടും  നടപടിയെടുക്കാതെ  പൊലീസ്. ഹെന്നൂര്‍ ഗധലഹള്ളിയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി തകർത്ത ഗുണ്ടാസംഘത്തെപ്പറ്റി  ഇതുവരെ യാതൊരു  സൂചനകളും  ലഭിച്ചിട്ടില്ല. ആക്രമണത്തില്‍ മൂന്നു മലയാളികള്‍ക്ക് പരുക്കേറ്റിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ്  ബെംഗളൂരു ഗധലഹള്ളിയിൽ മലയാളിയുടെ ഉടമസ്ഥയിലുള്ള  ബേക്കറിയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. കട അടിച്ചു തകർക്കുകയും, തടയാൻ ശ്രമിച്ച ഉടമയെയും ജീവനക്കാരെയും മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ബേക്കറിക്കുള്ളിൽ കയറി ഷട്ടർ ഇട്ടതിനുശേഷം, ഉടമ അഭിലാഷിനെയും, രണ്ടു ജീവനക്കാരെയും സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. എട്ടു പേരടങ്ങുന്ന സംഘത്തെ  സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇവരിൽ ഒരാളെപ്പോലും പിടികൂടാൻ ഇതുവരെ പോലീസിനായിട്ടില്ല.  ബെംഗളൂരുവിൽ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച്  ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം പതിവായിരിക്കുകയാണ്.സൗജന്യമായി ഭക്ഷണം ആവശ്യപ്പെടുകയും എതിർക്കുന്നവരെ മർദിക്കുകയുമാണ് ഇവരുടെ രീതി. അക്രമസംഭവങ്ങൾ സ്ഥിരമായിട്ടും പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയാണെന്നും  ആരോപണമുണ്ട്.